Ulster Bank അയർലണ്ടിൽ നിന്നും പിൻവാങ്ങൽ ആരംഭിക്കുന്നു; നിലവിലെ ഉപഭോക്താക്കളോട് മറ്റ് ബാങ്കുകളിൽ അക്കൗണ്ട് എടുക്കാൻ അഭ്യർത്ഥിച്ച് ബാങ്ക് അധികൃതർ

തങ്ങള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ നിലവിലെ ഉപഭോക്താക്കള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ മറ്റ് ബാങ്കുകളില്‍ അക്കൗണ്ടുകളെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് Ulster Bank ബാങ്ക് അധികൃതര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ശേഷവും തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നത് തുടര്‍ന്നിരുന്നുവെന്നും, അവരെ യാതൊരു തരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

2022 ആദ്യത്തോടെ ബാങ്കില്‍ നിന്നും ഉപഭോക്താക്കളെ വിളിക്കുമെന്നും, എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കി. നിലവിലെ സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ ഔദ്യോഗികമായി ക്ലോസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ പെടും. അതിന് മുമ്പ് തന്നെ മറ്റ് ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കണമെന്നാണ് ഉപഭോക്താക്കളോട് ബാങ്ക് അഭ്യര്‍ത്ഥിക്കുന്നത്.

തങ്ങളുടെ Ulster Bank അക്കണ്ടുകള്‍ പുനഃപരിശോധിക്കാനായി ഉപഭോക്താക്കള്‍ അതാത് ബ്രാഞ്ചുകളില്‍ വൈകാതെ തന്നെ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. അഥവാ ബാങ്കിലെത്തി നേരിട്ട് അക്കൗണ്ട് ക്ലോസ് ചെയ്യാത്തവരുടെ അക്കൗണ്ട്, പിന്നീട് ബാങ്ക് തന്നെ ക്ലോസ് ചെയ്യും. അക്കൗണ്ടില്‍ ബാലന്‍സ് തുക ഉണ്ടെങ്കില്‍ അത് ചെക്ക് ആയി വീട്ടിലേയ്ക്ക് അയച്ചുനല്‍കും.

പേഴ്‌സണല്‍ ബാങ്കിങ് ഉപഭോക്താക്കളില്‍ നിന്നും ഇനിമുതല്‍ പുതിയ അപേക്ഷകളൊന്നും തങ്ങള്‍ സ്വീകരിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിലവിലെ ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട്‌ഗേജിന് അപേക്ഷിക്കുന്നത് തുടരാം.

നിലവിലെ ബിസിനസ് അക്കൗണ്ട് ഉടമകള്‍ക്ക് തുടര്‍ന്നും എല്ലാ സേവനങ്ങളും ലഭിക്കും. പുതിയ ഉപഭോക്താക്കള്‍ക്കും, നിലവിലെ ഉപഭോക്താക്കള്‍ക്കും സേവനം നല്‍കാനായി Lombard Asset Finance എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

Ulster Bank-ല്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്തവരും ഇപ്പോള്‍ ഒന്നും ചെയ്യേണ്ടതില്ല. മോര്‍ട്ട്‌ഗേജ് കൈമാറുന്നതുമായി ബന്ധപ്പെട്ട് Ulster Bank, മറ്റ് ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണ്. ഇതിന് അന്തിമരൂപമായതിന് ശേഷം ഉഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

Share this news

Leave a Reply

%d bloggers like this: