കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന് വിട. ഇന്ന് രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ ബംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായി തുടരുകയും ഉച്ചയ്ക്ക് രണ്ടരയോടെ മരണപ്പെടുകയുമായിരുന്നു. 46 വയസായിരുന്നു താരത്തിന്.
കന്നട സിനിമയിലെ അതികായനായ രാജ് കുമാറിന്റെ മകനായ പുനീത്, ബാലതാരമായാണ് സിനിമയിലേയ്ക്കെത്തിയത്. 1985-ല്‍ ‘ബെട്ടദ ഹൂവി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ രണ്ട് വട്ടം നേടി.
ജ്യേഷ്ഠന് ശിവരാജ് കുമാറും കന്നട സിനിമയിലെ സൂപ്പര്‍ താരമാണ്. അമ്മ പാര്‍വതമ്മ. ഭാര്യ അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത.
മുപ്പതോളം സിനിമകളില്‍ നായകനായി അഭിനിയിച്ച പുനീത് കന്നടയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളും, വലിയ ആരാധകസമ്പത്തിനുടമയുമാണ്. ആരാധകര്‍ സ്നേഹത്തോടെ ‘അപ്പു’ എന്നും ബോക്സ് ഓഫീസിലെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ പേരില്‍ ‘പവര്‍ സ്റ്റാര്‍’ എന്നും വിളിച്ചു.
സിനിമയ്ക്ക് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത്. ആയിരക്കണക്കിന് നിര്‍ദ്ധനരായ കുട്ടികളുടെ പഠനം ഏറ്റെടുത്ത് നടത്തിവന്ന അദ്ദേഹം, നിരാംബര്ക്ക് സഹായം നല്‍കുകയും, വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
2021-ലെ ‘യുവരത്ന’ ആണ് അവസാനം റിലീസ് ചെയ്തത്. ‘ജെയിംസ്,’ ‘ദ്വിത’ എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് വിയോഗം.
കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മെ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അസുഖവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. മലയാള സിനിമാ താരങ്ങളടക്കമുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.