അയര്‍ലണ്ടില്‍ വിപ്ലവകരമായ പദ്ധതിയുമായി വസ്ത്രവ്യാപാരസ്ഥാപനം Penneys. ജനങ്ങള്‍ക്ക് തങ്ങളുടെ പഴയ വസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്യാനായി സൗകര്യമൊരുക്കുന്ന പദ്ധതി ഒരുപക്ഷേ അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാകും.
‘Textile Takeback ‘ എന്ന പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം ഇനി പഴയതും, പയോഗിച്ചതുമായ വസ്ത്രങ്ങള്‍ ഏത് Penneys സ്‌റ്റോറിലും നല്‍കാം. ഏത് ബ്രാന്‍ഡ് വസ്ത്രവും നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒപ്പം കീറിയതോ, നിറമങ്ങിയതോടെ ആയവും സ്വീകരിക്കും. ഇതിനായി ഓരോ സ്‌റ്റോറിലും പ്രത്യേകം ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് പുറമെ ചെരിപ്പുകള്‍, ബാഗുകള്‍, ടവലുകള്‍, ബെഡ്ഷീറ്റുകള്‍ മുതലായവയും ഈ ബോക്‌സുകളില്‍ നിക്ഷേപിക്കാം. പദ്ധതി ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ നിരവധി ആളുകളാണ് പഴയ വസ്ത്രങ്ങളും മറ്റുമാി സ്റ്റോറുകളിലെത്തുന്നത്.
അയര്‍ലണ്ടിലെ ജനങ്ങള്‍ വസ്ത്രങ്ങള്‍ പുനചംക്രമണം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും, അതേസമയം അതിന് സൗകര്യമില്ലാത്തത് കാരണമാണ് അവ മാലിന്യമായി ഉപേക്ഷിക്കുന്നതെന്നും Penneys ഈയിടെ നടത്തിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് തങ്ങളുടെ കടകളില്‍ റീസൈക്കിക്ലിങ് സൗകര്യമൊരുക്കാന്‍ Penneys തീരുമാനിച്ചത്. ഈ വസ്ത്രങ്ങളും മറ്റും പുനരുപയോഗപ്രദമാക്കുകയോ, ഇന്‍സുലേഷന്‍, കളിപ്പാട്ടങ്ങള്‍, മാട്രസ്സ് ഫില്ലറുകള്‍ എന്നിങ്ങനെ പുതിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയോ ചെയ്യും.
റീസൈക്ലിങ്ങിന് പുറമെ വസ്ത്രങ്ങള്‍ സംഭാവന ചെയ്യാനായും ഈ ബോക്‌സുകളില്‍ നിക്ഷേപിക്കാം.
നേരത്തെ യു.കെയില്‍ സമാനമായ പദ്ധതി ആരംഭിച്ച് വിജയം കണ്ടതോടെയാണ് അയര്‍ലണ്ട്, ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ Penneys തീരുമാനിച്ചത്. അയര്‍ലണ്ടിന് പുറത്ത് Primark എന്ന പേരിലാണ് Penneys സ്റ്റോര്‍ അറിയപ്പെടുന്നത്.
റീസൈക്ലിങ്ങിനായി മറ്റ് Yellow Octopus പോലെ സ്‌പെഷലൈസ്ഡ് കമ്പനികളുടെ സഹായവും Penneys തേടുന്നുണ്ട്. ഇതുവഴി ലഭിക്കുന്ന ലാഭം യു.എന്നിന്റെ ചാരിറ്റി വിഭാഗമായ UNICEF-ന് കൈമാറുമെന്ന് Penneys വ്യക്തമാക്കി.