മതഭ്രാന്തന്മാർ കൈപ്പത്തി വെട്ടിയെടുത്ത ജോസഫ് മാഷിന്റെ “അറ്റുപോകാത്ത ഓർമകൾ” എന്ന ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ആത്മകഥ വായിച്ചത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു .
ആദ്യപേജിൽ ഒരു വാചകം മാത്രം.
“എന്റെ സലോമിക്ക്…”
സഭ അധികാരികളുടെ പീഡനം മൂലം ഡിപ്രഷനിലേക്കു പോയി പിന്നീട് ആത്മഹത്യയിൽ അഭയം തേടിയ തന്റെ പങ്കാളിക്കല്ലാതെ വേറെ ആർക്കാണ് ഈ പുസ്തകം സമർപ്പിക്കാനാവുക?
ചോദ്യപേപ്പർ വിവാദത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ തീയതി സഹിതം ഓരോ ദിവസവും സംഭവിച്ച കാര്യങ്ങൾ കൃത്യമായും സത്യസന്ധമായും രേഖപ്പെടുത്തിയിരിക്കുന്നു . അല്ലെങ്കിൽ തന്നെ സർക്കാരിന്റെയോ ഏതെങ്കിലും സംഘടനകളുടെയോ അവാർഡ് കിട്ടാൻ വേണ്ടി എഴുതിയത് അല്ലല്ലോ. അതുകൊണ്ടു ആരെയും ഈ പുസ്തകത്തിൽ പ്രീതിപ്പെടുത്തുകയും വേണ്ട . ഒരു മനുഷ്യനും കുടുംബവും അകാരണമായി അനുഭവിച്ച മനസ്സ് പൊള്ളിക്കുന്ന അനുഭവങ്ങളുടെ വിവരണം.
തന്നെ വെട്ടിയ മഴു കുറ്റമൊന്നും ചെയ്യാത്തതുകൊണ്ടു അതിനോട് ക്ഷമിച്ചപോലെ, തന്നെ വെട്ടിയ മതഭ്രാന്തരോടും ക്ഷമിച്ചതായി ജോസഫ് മാഷ് പറയുന്നുണ്ട്. തെറ്റിദ്ധാരണമൂലം ഉണ്ടായ അവിവേകം. എങ്കിലും അവരാണ് ആദ്യത്തെ കുറ്റവാളികൾ .”മതാന്ധതയുടെയും
അസഹിഷ്ണതയുടെയും വിഷജലം കുടിച്ചു മഹാ ഭൂരിപക്ഷവും അബ്നോർമ ലായിരിക്കുന്നു. അവരോട് ഒത്തുപോകാൻ സാംസ്കാരിക പ്രഭുക്കൾവരെ ആ വിഷജലം മോന്തുന്നു. വോട്ടുബാങ്കുകൾ ചോരാതിരിക്കാൻ ഭരണാധികാരികൾ അവർക്കു “ഓശാന” പാടുന്നു” (പേജ് 89 ).
രണ്ടാമത്തെ കുറ്റവാളികൾ നമ്മുടെ നിയമവ്യവസ്ഥതന്നെയാണ്.
“മൂന്നു പകലും മൂന്നു രാവും എന്റെ മകനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ച് പലതരം പീഡനങ്ങൾക്കു വിധെയമാക്കിയതിന്റെ വിശദംശങ്ങൾ അവൻ പറഞ്ഞമാതിരി വിവരിക്കാൻ ഞാൻ മുതിരുന്നില്ല .എനിക്ക് അതിനുള്ള ശക്തി പോരാ” ( പേജ് 145 ).
ഇത്രയും സഹിച്ച ഒരാൾക്ക് അത് എഴുതാനുള്ള ശക്തിപോരെങ്കിൽ ആ പോലീസ് പീഡനങ്ങൾ എത്ര ഭീകരമായിരിക്കണം . നിരപരാധിയായ, 22 വയസ്സ് മാത്രം പ്രായമുള്ള, എൻജിനീറിങ് വിദ്യാർത്ഥിയായ തന്റെ മകൻ അകാരണമായി അനുഭവിച്ച പീഢനങ്ങൾ ഏതൊരുപിതാവിന്റെയും ഹൃദയം പൊള്ളിക്കും . ഏതു ജനാധിപത്യരാജ്യത്താണ് അച്ഛന് പകരമായി മകനെ പിടിച്ചുകൊണ്ടുപോകാൻ വകുപ്പുള്ളത് ? കേരളത്തിലെ ഇന്നത്തെ പോലീസ് സ്റ്റേഷനിലെയും, ജയിലിലെയും ഉദ്യോഗസ്ഥരുടെ പെരുമാറ്റരീതികളും , അവിടങ്ങളിലെ അവസ്ഥകളും കൃത്യമായി ഈ പുസ്തകത്തിൽ ജോസഫ് മാഷ് വരച്ചു വക്കുന്നുണ്ട് .പോലീസു വണ്ടിയിൽ പെട്രോൾ അടിപ്പിക്കുന്നതുമുതൽ കൈക്കൂലി ആവശ്യപ്പെടുന്ന പോലീസ് ,ജയിൽ ഉദ്യോഗസ്ഥരെ കൂടി മാഷ് നമ്മെ ഓർമിപ്പിക്കുന്നു. മകനെ അകാരണമായി പീഢിപ്പിച്ചതിനു മനുഷ്യാവകാശ കമ്മീഷനിൽ പരാതികൊടുത്തതിനാൽ 25000 രൂപ കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥർ നഷ്ടപരിഹാരം ആയി കൊടുക്കാൻ വിധി ഉണ്ടായിരുന്നു .എന്നാൽ അത് ഇതുവരെ ലഭിച്ചിട്ടില്ല .മനുഷ്യാവകാശകമ്മീഷന്റെ ഉത്തരവുകൾക്കു പുല്ലുവിലയാണെന്നു മാഷ് പറയുന്നു . പാവങ്ങളായ, അധികാരമില്ലാത്ത പരാതിക്കാർക്കു പണമുണ്ടാവില്ല .എന്നാൽ പീഡകരായ ഉന്നതർ മേൽക്കോടതികളിൽ പോയി സ്റ്റേ വാങ്ങിക്കും .
ജീവന് അപകടം ഉണ്ടെന്നു ഒരു പൗരൻ പരാതിപറഞ്ഞിട്ടും സംരക്ഷണം തരാത്ത പോലീസ് അപകടത്തിന് ശേഷം പരിപൂർണ സംരക്ഷണം തരുന്നതിലെ തമാശയും അദ്ദേഹം നമ്മുടെ സമൂഹത്തെ അറിയിക്കുന്നുണ്ട് .
ജോസഫ് മാഷിന് ബോംബയിൽ നിന്ന് ഒരു മനുഷ്യാവകാശ പ്രവർത്തകൻ അയച്ചു കൊടുത്ത 10000 രൂപയുടെ ഡ്രാഫ്റ്റ് സുകുമാർ അഴീക്കോട് എന്ന കേരളം ബഹുമാനിക്കുന്ന സാംസ്കാരിക നായകൻ കീറിക്കളഞ്ഞത് കേരളം ഞെട്ടലോടെയാണ് അറിഞ്ഞത് .
ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കി ദയതോന്നി സാധാരണക്കാരായ അപരിചിതരായവർ പോലും ചെയ്ത കൊച്ചുകൊച്ചു സഹായങ്ങൾ ഓർത്ത് എഴുതിവെച്ചിട്ടുണ്ട് .
മൂന്നാമത്തെ കുറ്റവാളികൾ മഹാ കാരുണ്യവാനായ യേശുവിന്റെ കാരുണ്യത്തിന്റെ കരസ്പർശവുമായ നമ്മുടെ സമൂഹത്തിൽ നിൽക്കുന്ന വേറൊരുകൂട്ടരാണ്, കത്തോലിക്കാ സഭ !
“കത്തോലിക്കാ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ചേച്ചി ,തന്റെ പ്രവർത്തന മണ്ഡലത്തെകുറിച്ചു ആമുഖമായി പറഞ്ഞിട്ട് തന്റെ സഹോദരൻ തരണം ചെയ്തുകൊണ്ടിരിക്കുന്ന ദുർഘടത്തെക്കുറിച്ചു മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിനോട് വിവരിച്ചു. ഞങ്ങൾ മൂന്നു സഹോദരിമാർക്ക് ജീവിച്ചിരിക്കുന്ന ഒരു സഹോദരൻ മാത്രമേ ഉള്ളുവെന്നും ,വൃദ്ധയും ഡിമെൻഷ്യ രോഗബാധിതയുമായ അമ്മയെ നോക്കാൻ അവൻ മാത്രമേ ഉള്ളിച്ചുവെന്നും മെത്രാനച്ചനെ ചേച്ചി അറിയിച്ചു .മക്കൾ രണ്ടാളും ഏറെ പണച്ചെലവുള്ള പ്രൊഫെഷണൽ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്നു . അതിനാൽ മറ്റു വരുമാന മാർഗങ്ങളില്ലാത്ത തന്റെ സഹോദരന്റെ സസ്പെന്ഷൻ പിൻവലിച്ചു അവനെ ഈ ജോലിയിൽ പ്രവേശിപ്പിക്കണമെന്നു കോളേജിന്റെ രക്ഷാധികാരിയായി അഭിവന്ദ്യ തിരുമേനിയുടെ മോതിരക്കൈ മുത്തി ഈശോമിശിഹായുടെ നാമത്തിൽ അപേക്ഷിച്ചിട്ടും ആ മഹായിടയൻ നിർമമനായി ഇരുന്നതേയുള്ളു” (പേജ് 191 ).
ബിഷപ്പ് , മാനേജർഅച്ചൻ ,പ്രിൻസിപ്പൾ, സഹ അധ്യാപകനായ മറ്റൊരു അച്ചൻ എന്നിവർ കൂട്ടമായി ചേർന്ന് തുടരെ തുടരെ ആക്രമിച്ചു നുറങ്ങിയിരുന്ന ആ ഹൃദയത്തിൽ നിന്നും വീണ്ടും വീണ്ടും
രക്തം വീഴ്ത്തിച്ചുകൊണ്ടിരുന്നു . തിരിച്ചെടുക്കില്ല എന്ന കോളേജ് അധികൃതരുടെ തീരുമാനമാണ് ഭാര്യയുടെ ആത്മഹത്യയിലേക്കു നയിച്ചത് എന്ന് ജോസഫ് മാഷ് വളരെ വ്യക്തമായി പറയുന്നു . ആത്മഹത്യക്കു ശേഷം ഉണ്ടായ ജനരോഷം ഭയന്ന് തിരിച്ചെടുത്തപ്പോൾ മാനുഷിക പരിഗണനകൊണ്ടാണ് തിരിച്ചെടുക്കുന്നത് എന്നു കോളേജ് അധികൃതർ പറഞ്ഞു .
എങ്കിൽ എന്തുകൊണ്ട് ഈ മാനുഷിക പരിഗണന നേരത്തെ കാണിച്ചില്ല ?
രണ്ടു ഇടയലേഖനങ്ങൾ ആ പാവം മനുഷ്യന് എതിരെ പുറപ്പെടുവിക്കാനും കോതമംഗലം രൂപത മറന്നില്ല .
കേരളത്തിൽ ധാരാളം ആത്മഹത്യകൾ നടക്കാറുണ്ട് .അതൊന്നും ഹൃദയത്തെ ഇത്രമാത്രം സ്പർശിച്ചിട്ടില്ല. എന്നാൽ ഇന്നും ആ ദിനം ഓർക്കുന്നു .എന്റെ ആരുമ ല്ലാത്ത, ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സലോമി എന്ന ഒരു സാധുസ്ത്രീ ആത്മഹത്യചെയ്ത വാർത്ത അറിഞ്ഞു കണ്ണുകൾ ഈറനണിഞ്ഞ ദിനം .
ഈ പുസ്തകം വായിച്ചു കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ സുന്ദരമായ ഒരു സ്വപ്നം കണ്ടു …
ജോസഫ് മാഷിനെയും കുടുംബത്തെയും പീഡിപ്പിച്ച അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ എല്ലാവരും ഒരു കോളേജ് വരാന്തയിൽ നിരന്നു നിൽക്കുന്നു . വെള്ളവസ്ത്രങ്ങൾ അണിഞ്ഞ തൂവെള്ള ചിറകുകൾ ഉള്ള ഒരു സ്ത്രീ വന്നു അവരെ ഓരോരുത്തരെയായി വെടിവച്ചുകൊല്ലുന്നു . അങ്ങനെ ആ ചോരയിൽ കുതിർന്നു ആ വെള്ളവസ്ത്രങ്ങളും ,വെളുത്ത ചിറകുകളും ചുവപ്പായി മാറുന്നു …ആ ചുവന്ന ചിറകുകൾ അടിച്ചു അവർ അകലങ്ങളിലേക്കു പറന്നകലുന്നു…