‘അസംബന്ധം പറയുന്നത് നിർത്തൂ’; മാസ്ക് ധരിച്ചാൽ കോവിഡ് വരുമെന്ന് പറഞ്ഞയാളെ രൂക്ഷമായി ശകാരിച്ച് കോടതി

മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച 48-കാരനെ രൂക്ഷഭാഷയില്‍ ശകാരിച്ച് കോടതി. മാസ്‌കുകള്‍ വിഷമയം ആണെന്ന് വാദിച്ച്, ധരിക്കാന്‍ വിസമ്മതിച്ച ജൊനാഥന്‍ ഒ’ഗോര്‍മന്‍ എന്നയാളോടാണ് ‘അസംബന്ധം പറയുന്നത് നിര്‍ത്തൂ’ എന്ന് കോടതി രൂക്ഷമായി ശകാരിച്ചത്. ഗാര്‍ഡ അറസ്റ്റ് ചെയ്ത ഇയാളെ Ennis ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം.

മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ജൊനാഥന്, ഒരു മാസ്‌ക് ധരിക്കാന്‍ നല്‍കിയ കോടതിയോട് ‘ഇവ വിഷമയമാണ്’ എന്ന് പറഞ്ഞ ഇയാള്‍, മാസ്‌കിന് പകരം താന്‍ ധരിച്ചിരുന്ന ഹൂഡിയുടെ അറ്റം ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ജഡ്ജ് മേരി ലാര്‍കിന്‍ ശക്തമായ ഭാഷ ഉപയോഗിക്കുകയായിരുന്നു.

ഫെബ്രുവരി 17-ആം തീയതി കൗണ്ടി ക്ലെയറിലെ Corofin-ലുള്ള Centra Outlet-ല്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനെത്തുടര്‍ന്നാണ് ജൊനാഥന്‍ അറസ്റ്റിലാകുന്നത്.

ഇയാളെ ശകാരിച്ച കോടതി 300 യൂറോ പിഴയടയ്ക്കാനും ഉത്തരവിട്ടു. എന്നാല്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും, മാസ്‌ക് ധരിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നുമായിരുന്നു ഇയാളുടെ നിലപാട്. മാസ്‌ക് ധരിച്ചാല്‍ കോവിഡ് പിടിപെടുമെന്നായിരുന്നു വാദം. ശുദ്ധവായു ശ്വസിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തെ വിലക്കുന്നതാണെന്നും, മാസ്‌ക് ധരിക്കാത്തവരെ തെരുവില്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ടെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

മാസ്‌ക് ധരിക്കുന്നത് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും, ജലദോഷം പോലെയുള്ള രോഗങ്ങളും ഉണ്ടാക്കുന്നുവെന്നും ഇയാള്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇത് കോവിഡ് ലക്ഷണങ്ങളാണെന്നും, ഇതിനാല്‍ മാസ്‌ക് കാരണമാണ് കോവിഡ് വരുന്നതെന്ന് താന്‍ കരുതുന്നുവെന്നുമായിരുന്നു ജൊനാഥന്റെ വാദം.

Share this news

Leave a Reply

%d bloggers like this: