അയർലണ്ടിൽ ഇ-സ്‌കൂട്ടറുകൾക്കും ലൈസൻസ് നിർബന്ധമാക്കേണ്ടതുണ്ടോ? അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നു

അയര്‍ലണ്ടില്‍ ഇ-സ്‌കൂട്ടറുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഇ-സ്‌കൂട്ടര്‍ അപകടത്തില്‍ പെടുന്ന അഞ്ചില്‍ ഒരാള്‍ വീതം അപകടത്തിന് ശേഷം ബോധരഹിതരായാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് എന്ന പുതിയ കണക്ക് ചൂണ്ടിക്കാട്ടിയാണ് മലിനീകരണം കുറവായ ഇ-സ്‌കൂട്ടറുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെപ്പറ്റി ആശുപത്രി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അതോടൊപ്പമുള്ള മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍ അപകടത്തില്‍ പെടുന്ന പലര്‍ക്കും ഇ-സ്‌കൂട്ടറുകള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് കൃത്യമായ ധാരണയില്ലെന്നതാണ്. ഗുരുതരമായ ഇ-സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ചികിത്സ തേടിയ 15 പേരില്‍ പേരും സ്‌കൂട്ടര്‍ ശരിയായി ഉപയോഗിക്കുന്നതിനെപ്പറ്റി നാമമാത്രമായ അറിവ് മാത്രമുള്ളവരോ, അല്ലെങ്കില്‍ തീര്‍ത്തും അജ്ഞരോ ആയിരുന്നുവെന്ന് ഇവരെ ചികിത്സിച്ച Mater Misercordiae University Hospital, Cappagh National Orthopaedic Hospital അധികൃതര്‍ പറയുന്നു. ഇതില്‍ മൂന്ന് പേര്‍ ആദ്യമായി ഇ-സ്‌കൂട്ടര്‍ ഓടിച്ചപ്പോഴാണ് അപകടമുണ്ടായത്.

ഇ-സ്‌കൂട്ടറുകള്‍ക്ക് ചെലവ് കുറവാണെന്നതിനാല്‍ പലരും ഈയടുത്ത കാലത്തായി ഇവയിലേയ്ക്ക് മാറുന്നുണ്ട്. ഉപയോഗിക്കാന്‍ ലൈസന്‍സ് വേണ്ട എന്നതും ഇ-സ്‌കൂട്ടറുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ മറ്റ് വാഹനങ്ങള്‍ പോലെ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവരുടെ വൈഗദ്ധ്യം അടക്കമുള്ള നിരീക്ഷിക്കാനോ, നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ അയര്‍ലണ്ടില്‍ ഒരു കൃത്യമായ ഒരു സംവിധാനം ഇതുവരെ ഇല്ല.

ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്ന പലരും ഹെല്‍മറ്റ് ധരിക്കാറില്ല എന്ന കാര്യവും ഡോക്ടര്‍മാര്‍ പറയുന്നു. അപകടത്തില്‍ പെട്ട ഒരാള്‍ 60 കി.മീ വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അയര്‍ലണ്ടില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് പരമാവധി വേഗം നിശ്ചയിക്കുന്ന പ്രത്യേക നിയമങ്ങളൊന്നും ഇതുവരെയില്ല. ചിലര്‍ മദ്യമോ, ലഹരി നല്‍കുന്ന മരുന്നോ ഉപയോഗിച്ചും വാഹനം ഓടിച്ചു. റിഫ്‌ളക്ടീവ് വസ്ത്രങ്ങളാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ധരിക്കേണ്ടത് എന്ന നിര്‍ദ്ദേശവും മിക്കപ്പോഴും പാലിക്കപ്പെട്ടില്ല.

2018-ല്‍ വെറും മൂന്ന് അപകടങ്ങളാണ് ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട് നടന്നിട്ടുള്ളതെങ്കില്‍ 2020 ആയപ്പോഴേയ്ക്കും ഇത് 37 ആയി ഉയര്‍ന്നു എന്ന കണക്കും പ്രശ്‌നങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു.

മറ്റേതുവാഹനങ്ങളുടെ കാര്യത്തിലുമെന്ന പോലെ ഇ-സ്‌കൂട്ടറുകള്‍ക്കും നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഈ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിന് മുമ്പ് പാലിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങളെ പറ്റി കൃത്യമായ ക്ലാസുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനങ്ങളുണ്ടാകണം. റോഡ് സുരക്ഷാ വകുപ്പിനായിരിക്കണം ഇതിന്റെ ചുമതല. പഠനം നടത്തിയ ശേഷം ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കേണ്ടതുണ്ടോ എന്ന കാര്യവും പരിശോധിക്കണം.

കാറുകളും, മോട്ടോര്‍സൈക്കിളുകളും പോലെ ഗാര്‍ഡ ഇ-സ്‌കൂട്ടറുകളും സുരക്ഷയുടെ ഭാഗമായി ഇടയ്ക്ക് പരിശോധനയില്‍ ഉള്‍പ്പെടുത്തണം. വാഹനം ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ, അനുവദനീയമായതിലും കൂടുതല്‍ വേഗതത്തിലാണോ പോകുന്നത്, മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോ എന്നെല്ലാം ഇതിലൂടെ അറിയാന്‍ കഴിയും. ലെസന്‍സ് അവതരിപ്പിക്കുന്നതില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, വാഹനം ഉപയോഗിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനും, നിര്‍ബന്ധമായും ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും സര്‍ക്കാര്‍ സംവിധാനമുണ്ടാക്കണം.

രാജ്യത്തെ നിരത്തുകളില്‍ ഇ-സ്‌കൂട്ടറുകള്‍ക്കായി പ്രത്യേക റോഡ് ട്രാഫിക് ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചിട്ടുണ്ട്. പരാമവധി വേഗം മണിക്കൂറില്‍ 20 കി.മീ എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ബില്ലിലുണ്ടാകുക. നിലവിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ നിയമത്തിലെ വകുപ്പുകള്‍ ഒരുപരിധി വരെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: