അയര്‍ലന്‍ഡിലെ ഭവനവില 2018-ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കില്‍. മുന്‍ മാസങ്ങളിലെ പോലെ വര്‍ക്ക് ഫ്രം ഹോം വ്യാപകമായതും, ആളുകള്‍ കൈയിലുള്ള മിച്ചം തുക ഉപയോഗിച്ച് വീടുകള്‍ വാങ്ങാനാരംഭിച്ചതുമാണ് വില കുത്തനെ ഉയരുന്നത് തുടരാന്‍ കാരണമായിരിക്കുന്നത്. വിവിധ കമ്പനികളും സ്ഥാപനങ്ങളും കുറഞ്ഞ നിരക്കില്‍ മോര്‍ട്ട്ഗേജ് നല്‍കാനാരംഭിച്ചതും വില വര്‍ദ്ധനയ്ക്ക് ഹേതുവായി.
Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഡബ്ലിനിലെ ഭവനവില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉയര്‍ന്നത് 10.2 ശതമാനമാണ്. ഡബ്ലിന്‍ പുറത്തുള്ള ശരാശരി വിലവര്ദ്ധനയാകട്ടെ 11.5 ശതമാനവും.
അതേസമയം ഓഗസ്റ്റ് മാസത്തില്‍ വീടുകളുടെ വില്‍പ്പന 1.5% കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആകെ 3,764 ഇടപാടുകളാണ് നടന്നത്.
നിലവില്‍ ശരാശരി 313,619 യൂറോയാണ് രാജ്യത്ത് ഒരു വീട് വാങ്ങാന്‍ ചെലവിടേണ്ടത്. ഡബ്ലിന്‍ പ്രദേശത്ത് ഇത് 484,147 ആണ്.
അയര്‍ലന്‍ഡില്‍ ഭവനവില ഏറ്റവും ഉയര്‍ന്നിരിക്കുന്ന പ്രദേശം Dún Laoghaire-Rathdown ആണ്. ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഇവിടെ വീടിന് ശരാശരി വില 655,124 യൂറോയാണ്.
2007-ലെ കനത്ത സാമ്പത്തികപ്രതിസന്ധി ഘട്ടത്തെക്കാള്‍ 14.9% വില കുറവാണ് നിലവില്‍ ഡബ്ലിനില്‍. എങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും വലിയ നിരക്ക് തന്നെയാണിതെന്ന് വിദഗ്ദ്ധര്‍ സമ്മതിക്കുന്നു.