ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തില്‍ അനധികൃതമായി മ്യൂറല്‍ പെയിന്റിങ് നടത്തിയ കലാപ്രവര്‍ത്തകരുടെ സംഘടനയ്ക്ക് 4,500 യൂറോയോളം പിഴയിട്ട് കോടതി. ഡബ്ലിനിലെ Paradigm Arts Group Ltd എന്ന സംഘടനയോടാണ് പിഴയടയ്ക്കാനും, നേരിട്ട് ഹാജരാകാനും ഡബ്ലിന്‍ ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
2019-ലാണ് നഗരത്തിലെ Grantham Street-ലുള്ള Grantham Cafe കെട്ടിടത്തിന്റെ ഒരു വശത്തായി Think & Wonder എന്ന പേരില്‍ സംഘം മ്യൂറല്‍ പെയിന്റ്ിങ് വരച്ചത്. ശേഷം ഇത് മാറ്റി മറ്റൊരു ചിത്രവും വരച്ചു. എന്നാല്‍ സംരക്ഷിത കെട്ടിടമാണ് ഇതെന്നും, ഇതിന് മുകളില്‍ ചിത്രം വരച്ചത് അനധികൃതമാണെന്നും കാട്ടി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സംഘടനയ്ക്കെതിരെ കേസ് നല്‍കുകയായിരുന്നു. മ്യൂറല്‍ മാറ്റാനായി നേരത്തെ നോട്ടീസ് നല്‍കിയിട്ടും അത് പാലിച്ചില്ലെന്നും പരാതിയില്‍ കൗണ്‍സില്‍ ആരോപിക്കുന്നു.
നേരത്തെ Subset എന്നറിയപ്പെട്ടിരുന്ന സംഘടനയുടെ പ്രതിനിധികളാരും ചൊവ്വാഴ്ച കോടതിയില്‍ നടന്ന വാദത്തിനായി ഹാജരായിരുന്നില്ല. ഇവരുടെ അഭാവത്തിലും വാദം കേള്‍ക്കല്‍ തുടര്‍ന്ന ജഡ്ജ്, പിഴയടയ്ക്കാന്‍ ഉത്തരവിടുകയും, കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സംഘനയോട് ആവശ്യപ്പെടുകയും ചെയ്തു. പിഴത്തുകയായി 1,500 യൂറോയും, കൗണ്‍സിലിന്റെ കേസ് നടത്തിപ്പ് ചെലവായി 2,946 യൂറോയും അടയ്ക്കാനാണ് ഉത്തരവ്.
മ്യൂറല്‍ പെയിന്റിങ് നിലനില്‍ക്കുന്ന കെട്ടിടം സന്ദര്‍ശിച്ച ജഡ്ജ് Halpin, ‘ആംസ്റ്റര്‍ഡാമില്‍ കാണുന്ന തരത്തിലുള്ളത്’ എന്നാണ് പെയിന്റിങ്ങിനെ വിശേഷിപ്പിച്ചത്.