അയര്‍ലന്‍ഡ് അടക്കമുള്ള ഇയു രാജ്യങ്ങളിലെ 18-20 പ്രായക്കാരായ യുവജനങ്ങള്‍ക്ക് യൂറോപ്പിലാകമാനം യാത്ര ചെയ്യാനായി സൗജന്യ ട്രെയിന്‍ ടിക്കറ്റ് നല്കാന് പദ്ധതി. യൂറോപ്യന്‍ കമ്മിഷന്റെ DiscoverEU Competition പദ്ധതി പ്രകാരമാണ് 60,000 സൗജന്യ ടിക്കറ്റുകള്‍ ലഭ്യമാക്കുക.
ഇന്ന് (ഒക്ടോബര്‍ 12) ഉച്ചയ്ക്ക് 12 മണിമുതല്‍ ഒക്ടോബര്‍ 26 ഉച്ചയ്ക്ക് 12 മണിവരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 2001 ജൂലൈ 1-നും 2003 ഡിസംബര്‍ 31-നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. 2020-ല്‍ കോവിഡ് കാരണം യാത്ര മുടങ്ങിയതിനാലാണ് ഇത്തവണ 20 വയസുള്ളവരെയും പരിഗണിക്കുന്നത്. അപേക്ഷക്കുന്നവര്‍ ഇയു പൗരത്വം ഉള്ളവരായിരിക്കണം.
അതേസമയം യു.കെ പൗരത്വമുള്ളവര്‍ക്കും അപേക്ഷിക്കാം. 2020-ലെ പദ്ധതിയില്‍ ബ്രെക്സിറ്റിന് മുമ്പ് യു.കെ ഉള്‍പ്പെട്ടിരുന്നതിനാലാണ് ഇത്.
2022 മാര്‍ച്ച് മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 30 ദിവസം വരെ ഈ സൗജന്യ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. European Year of Youth ആയാണ് 2022 ആഘോഷിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അപേക്ഷിക്കുന്നവര്‍ക്ക് 1 വര്‍ഷം കാലാവധിയുള്ള മൊബൈല്‍ ട്രാവല്‍ പാസാണ് ലഭിക്കുക. ഈ ഒരു വര്‍ഷത്തിനിടെ എപ്പോള്‍ വേണമെങ്കിലും യാത്രയ്ക്കുള്ള ദിവസങ്ങള്‍ തെരഞ്ഞെടുക്കാം. ഒറ്റയ്ക്കോ, അഞ്ച് പേര് വരെയുള്ള സംഘമായോ യാത്ര ചെയ്യാം.
18 വയസ് പൂര്‍ത്തിയാകുന്നവര്‍ യൗവനത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ അവര്‍ക്ക് ലോകപരിചയം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ഈ പദ്ധതിക്ക് 2018-ല്‍ തുടക്കം കുറിച്ചത്.
വിശദവിവരങ്ങള്‍ക്കും അപേക്ഷ നല്‍കാനും: https://europa.eu/youth/discovereu/rules_en