അയർലൻഡിലെ ട്രെയിനിലും ബസ്സിലും അക്രമം ഏറുന്നു; പൊതുഗതാഗത സംവിധാനത്തിൽ സുരക്ഷാസേനയെ നിയോഗിക്കണം

അയര്‍ലന്‍ഡിലെ പൊതുഗതാഗതസംവിധാനങ്ങള്‍ക്ക് മാത്രമായി ഒരു പ്രത്യേക സുരക്ഷാസേനയെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ ട്രെയിനുകളിലും ബസുകളിലുമെല്ലാം സാധാരണക്കാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളും, അധിക്ഷേപങ്ങളും ഏറി വരുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാത്തതില്‍ വലിയ രോഷവും പടരുകയാണ്. കഴിഞ്ഞ ദിവസം ഡബ്ലിനിലെ ഡാര്‍ട്ട് സര്‍വീസില്‍ ഏതാനും സാമൂഹികവിരുദ്ധര്‍ ഒരു സ്ത്രീയെ പീഡിപ്പിക്കണമെന്ന് അട്ടഹസിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മാലഹൈഡിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു ബുധനാഴ്ച രാത്രി ഒരു കൂട്ടം ചെറുപ്പക്കാര്‍ ട്രെയിനില്‍ നിന്നിറങ്ങിയ ഒരു സ്ത്രീക്ക് നേരെ പീഡനവുമായി ബന്ധപ്പെട്ട കമന്റുകള്‍ പറഞ്ഞത്. ഉച്ചത്തിലുള്ള കമന്റുകള്‍ ട്രെയിനിലിരിക്കുകയായിരുന്ന TD Alan Farrell കേള്‍ക്കുകയും, സംഭവം ട്വിറ്റര്‍ വഴി ലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു.

മറ്റൊരു സംഭവത്തില്‍ ഒരാഴ്ച മുമ്പ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവിനെ കത്തിയുമായി എത്തിയ ഒരുകൂട്ടം ആളുകള്‍ ക്രൂരമായി ആക്രമിച്ചിരുന്നു.

ഇത്തരം അനവധി സംഭവങ്ങള്‍ ആഴ്ചതോറുമെന്ന കണക്കില്‍ നടന്നിട്ടും പൊതുഗതാഗതസംവിധാനത്തിന് മാത്രമായി ഒരു സുരക്ഷാസേനയെ ഏര്‍പ്പെടുത്താന്‍ വികസിത രാജ്യമായ അയര്‍ലന്‍ഡിന് ഇത്ര കാലമായിട്ടും സാധിച്ചില്ല എന്നത് ഖേദകരമാണ്. വലിയ ദുരന്തങ്ങള്‍ സംഭവിക്കാനാണോ ഇനി അധികൃതര്‍ കാത്തിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.

2018-ല്‍ പൊതുഗതാഗത പോലീസിനെ നിയമിക്കാനായി അന്നത്തെ ഗതാഗതമന്ത്രി ഷെയ്ന്‍ റോസ് നീക്കം നടത്തിരുന്നെങ്കിലും യാഥാര്‍ത്ഥ്യമാകാതെ പോയി. ഗാര്‍ഡയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നായിരുന്നു റോസ് പറഞ്ഞിരുന്നത്. എന്നാല്‍ ഗാര്‍ഡയില്‍ നിന്നും ഒരു വിഭാഗത്തെ ഈ ചുമതല ഏല്‍പ്പിക്കുന്ന നീക്കത്തെ ഗാര്‍ഡ എതിര്‍ത്തതായി 2019-ല്‍ മന്ത്രി വ്യക്തമാക്കി. ലോക്കല്‍ പോലീസിങ് സംവിധാനമാണ് ഇത്തരം സംഭവങ്ങള്‍ തടയാന്‍ ആവശ്യമെന്നായിരുന്നു ഗാര്‍ഡ നിലപാട്.

യു.കെയിലെ British Transport Police (BTP)-ന് സമാനമായ സംവിധാനം അയര്‍ലന്‍ഡിലും ഉണ്ടാകണമെന്നാണ് National Bus and Rail Union (NBRU) ജനറല്‍ സെക്രട്ടറിയായ Dermot O’Leary അഭിപ്രായപ്പെടുന്നത്. ട്രെയിന്‍ സ്റ്റേഷനുകളില്‍ സദാ ലൈവ് സിസിടിവി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ക്ക് പ്രശ്‌നങ്ങളുണ്ടായാല്‍ തത്സമയം ഇടപെടാന്‍ സാധിക്കുമെന്നും അദ്ദേഹം ‘The Journal’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ പൊതുഗതാഗതസംവിധാനത്തിലെ ദുരവസ്ഥയ്ക്ക് വലിയ മാറ്റം വരുത്താന്‍ അതിന് സാധിക്കും.

ജനങ്ങളോട് കൂടുതലായി പൊതുഗതാഗതം ഉപയോഗിക്കണമെന്ന് പറയുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് അവരുടെ സുരക്ഷയെന്നതും ഈ രംഗത്തെ വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: