Irish Nurses and Midwives Organisation നടത്തിയ പുതിയ സര്‍വേയില്‍ രാജ്യത്തെ 85% നഴ്‌സുമാരും കോവിഡ് കാരണം മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. മാസങ്ങളായിതുടരുന്ന മഹാമാരി കാരണം 68% പേരും ജോലി അവസാനിപ്പിക്കാന്‍ പോലും ആലോചിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും സര്‍വേയിലൂടെ കണ്ടെത്തിയതായി INMO വ്യക്തമാക്കുന്നു.
2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലായാണ് INMO നഴ്‌സുമാര്‍ക്കിടയില്‍ ബൃഹത്തായ സര്‍വേ നടത്തിയത്. നഴ്‌സുമാരുടെ മാനസികാരോഗ്യത്തെ കോവിഡ് എത്തരത്തിലാണ് ബാധിച്ചത് എന്ന് മനസിലാക്കുകയായിരുന്നു ലക്ഷ്യം. രാജ്യമെമ്പാടുമുള്ള 1,905 നഴ്‌സുമാര്‍, മിഡ് വൈവ്‌സ് എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു സര്‍വേ.
സര്‍വേയില്‍ പങ്കെടുത്ത 85% നഴ്‌സുമാരും കോവിഡ് തങ്ങളുടെ മനസിനെ പ്രതികൂലമായി ബാധിച്ചതായി പ്രതികരിച്ചു. തങ്ങള്‍ ചികിത്സിച്ച രോഗികളിലാരെങ്കിലും കോവിഡ് ബാധിച്ച് മരണപ്പെട്ടുവെന്ന് പ്രതികരിച്ചത് 62% പേരാണ്. ചികിത്സയിലിരിക്കുന്ന രോഗികള്‍ മരിക്കുന്നത് സാധാരണമാണെങ്കിലും, ഇത്രയധികം പേര്‍ തുടര്‍ച്ചയായി മരണപ്പെടുന്നത് നഴ്‌സുമാരുടെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്ന് INMO Head of Education and Professional Development ആയ Steve Pitman പറയുന്നു. രോഗികളുടെ വൈകാരികമായ തളര്‍ച്ച നഴ്‌സുമാരെയും ബാധിക്കുന്നു. ഇത് നഴ്‌സുമാരുടെ കുടുംബാംഗങ്ങളിലേയ്ക്കും പടരുന്നു. പിന്നീടത് ചികിത്സാപ്പിഴവുകളിലേയ്ക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
നഴ്‌സുമാര്‍ക്കായി ഓണ്‍ലൈന്‍ വഴി കൗണ്‍സിലിങ് സംവിധാനങ്ങളും മറ്റും INMO ഒരുക്കിയിരുന്നെങ്കിലും അത് പര്യാപ്തമല്ലെന്നാണ് സര്‍വേയിലൂടെ വ്യക്തമായതെന്ന് Pitman പറയുന്നു. നഴ്‌സുമാരുടെ മാനസികാരോഗ്യസംരക്ഷണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ പ്രായോഗികമായ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. HSE-ക്ക് ഇക്കാര്യത്തില്‍ പല കാര്യങ്ങളും ചെയ്യാനുണ്ട്.
മൂന്നില്‍ രണ്ട് നഴ്‌സുമാരും കോവിഡ് കാരണം തങ്ങള്‍ മറ്റൊരു ജോലി തേടുന്നതിനെപ്പറ്റി ചിന്തിച്ചതായുള്ള വെളിപ്പെടുത്തല്‍ ഗൗരവകരമാണെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. കോവിഡ് കാലത്തിന് മുമ്പ് തന്നെ രാജ്യത്തെ നഴ്‌സിങ് മേഖലയ്ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇനിയും വൈകാതെ പരിഹാരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും Sheaghdha ആവശ്യപ്പെട്ടു.
രാജ്യത്തെ ആശുപത്രികളില്‍ തിരക്ക് കൂടുന്നത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളെപ്പറ്റി അടിയന്തരമായ ആലോചന വേണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം.
സര്‍വേയില്‍ പങ്കെടുത്ത 22% നഴ്‌സുമാരും തങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി വെളിപ്പെടുത്തിയിരുന്നു. 25% പേര്‍ തങ്ങള്‍ അടുത്ത 12 മാസത്തിനിടെ മിക്കവാറും മറ്റൊരു ജോലിയിലേയ്ക്ക് മാറുമെന്നും വെളിപ്പെടുത്തി.
മാനസിക സമ്മര്‍ദ്ദവും മറ്റും കാരണം കൃത്യമായി ഉറക്കം ലഭിക്കുന്നില്ലെന്ന് പ്രതികരിച്ച നഴ്‌സുമാരും ഏറെയാണ്.