ഡബ്ലിന്‍ St Vincent’s University Hospital(SVUH)-ലെ ഐസിയുവില്‍ സ്റ്റാഫ് ദൗര്‍ലഭ്യം രൂക്ഷമായതായി റിപ്പോര്‍ട്ട്. തങ്ങളുടെ ഇത്രയും കാലത്തെ ജോലിക്കിടെ ഇതാദ്യമായാണ് പ്രതിസന്ധി ഇത്രകണ്ട് രൂക്ഷമായിരിക്കുന്നതെന്ന് കാലങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ഐസിയു നഴ്‌സുമാര്‍ പറയുന്നു.
സ്റ്റാഫ് ദൗര്‍ലഭ്യം കാരണം തങ്ങള്‍ ഐസിയുവിലെ രോഗികളെ നിരീക്ഷിക്കാനായി ബേബി മോണിറ്ററുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും നഴ്‌സുമാര്‍ പറഞ്ഞതായി ‘The Journal’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് ബെഡ്ഡുകളിലെ രോഗികളെയാണ് ഇത്തരത്തില്‍ നിരീക്ഷിക്കേണ്ടിവരുന്നതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.
സ്റ്റാഫുകളുടെ എണ്ണക്കുറവിനെപ്പറ്റി മാനേജ്‌മെന്റിനോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും കൈക്കൊള്ളാത്തതിനാലാണ് ബേബി മോണിറ്ററുകളുപയോഗിക്കുക എന്ന താല്‍ക്കാലിക പരിഹാരത്തിലേയ്ക്ക് തങ്ങളെത്തിച്ചേര്‍ന്നതെന്ന് നഴ്‌സുമാര്‍ പറയുന്നു. ഐസിയുവിലെ രോഗികളെ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ഇത്. രോഗികളെ തനിച്ചാക്കി കുറഞ്ഞ സമയത്തേയ്ക്ക് മാറിനിന്നാല്‍പ്പോലും അര്‍ദ്ധബോധാവസ്ഥയില്‍ അവര്‍ ദേഹത്ത് ഘടിപ്പിച്ച ട്യൂബുകളും മറ്റും എടുത്തുമാറ്റാന്‍ സാധ്യതയുണ്ട്.
ഇതിനിടെ രാജ്യത്തെ ആശുപത്രികളില്‍ കോവിഡിന് മുമ്പുള്ളതിന് സമാനമായി രോഗികളുടെ എണ്ണം കൂടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇവിടെ മാത്രമല്ല, രാജ്യത്തെ വിവിധ ആശുപത്രികളില്‍ ആവശ്യത്തിന് ജോലിക്കാരില്ലെന്ന് ഒരു TD പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
കോവിഡ് കാരണം ധാരാളം പേര്‍ സിക്ക് ലീവ് എടുക്കുന്നത് സ്റ്റാഫ് ദൗര്‍ലഭ്യത്തിന് ഒരു കാരണമായി നഴ്‌സുമാര്‍ പറയുന്നു.
അതേസമയം സ്റ്റാഫുകളുടെ എണ്ണക്കുറവിനെ പറ്റിയുള്ള ചോദ്യത്തിന് ഇത്തരം ആരോപണങ്ങളെ നിഷേധിക്കുന്നതായാണ് St Vincent’s University Hospital വക്താവ് പ്രതികരിച്ചത്.