വിമാനത്തില്‍ വച്ച് ഗര്‍ഭിണികള്‍ പ്രസവിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു അപൂര്‍വ്വസംഭവമല്ല. ഇത്തരമൊരു പ്രസവത്തില്‍ പക്ഷേ ഇന്ന് നായിക ഒരു മലയാളി യുവതിയാണ്. ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് പത്തനംതിട്ട സ്വദേശിയായ മരിയ ഫിലിപ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെട്ട ഡ്രീം ലൈനര്‍ വിമാനത്തില്‍ വച്ച് 7 മാസം ഗര്‍ഭിണിയായ മരിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ക്യാബിന് ക്രൂവിനൊപ്പം യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും, നാല് നഴ്സുമാരും സഹായത്തിനെത്തി. പ്രസവം ഉറപ്പായതോടെ വിമാനത്തിലെ സ്റ്റോര്‍ റൂം പ്രസവമുറിയാക്കി മാറ്റി വേണ്ട പരിചരണം നല്കി.
പ്രശ്നങ്ങളൊന്നുമില്ലാതെ പ്രസവം നടന്നെങ്കിലും, മാസം തികയാതെ പ്രസവിച്ചതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാന്‍ വിമാനം ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടായ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്ക് തിരിച്ചുവിട്ടു. രാത്രി 11 മണിയോടെ വിമാനം ഫ്രാങ്ക്ഫര്ട്ടിലെത്തുകയും, ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മരിയയുടെ ബന്ധുവും സഹായത്തിന് ഉണ്ടായിരുന്നു.
ശേഷം യാത്ര തിരിച്ച വിമാനം രാവിലെ 9.45-ഓടെ കൊച്ചിയിലിറങ്ങി. 3.45-ന് എത്തേണ്ടിയിരുന്ന വിമാനം ഏറെ വൈകിയെങ്കിലും അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കിയതിന്റെ സംതൃപ്തിയിലാണ് യാത്രക്കാര്‍.