ഡബ്ലിന്‍ മലനിരകളില്‍ കാട്ടുതീയുണ്ടാകുന്നത് തടയാനായി ആടുകളെ വിന്യസിച്ച് വ്യത്യസ്തമായ പദ്ധതി. വംശനാശം നേരിടുന്ന Old Irish Goats എന്നയിനം ആടുകളെയാണ് വടക്കന്‍ ഡബ്ലിന്റെ പ്രാന്ത പ്രദേശമായ Howth-ലെ മലകളില്‍ മേയാനായി കൗണ്‍സില്‍ അധികൃതര്‍ തയ്യാറാക്കി വിട്ടിരിക്കുന്നത്. ചെടികളും പുല്ലും ഇഷ്ടഭക്ഷണമായ ഈ ആടുകള്‍ ഇവ തിന്ന് തീര്‍ക്കുന്നതോടെ പ്രദേശത്ത് പുല്ലിലും മറ്റും തീപ്പൊരി വീണ് കാട്ടുതീ പരക്കുന്ന സാഹചര്യം ഇല്ലാതാക്കാമെന്നാണ് കണക്കുകൂട്ടല്‍.
കുട്ടികളടക്കമുള്ള 25 ആടുകളടങ്ങുന്ന കൂട്ടത്തെയാണ് കൗണ്‍സില്‍ അധികൃതര്‍ മലനിരകളിലേയ്ക്ക് വിട്ടിരിക്കുന്നത്. കാട്ടുതീ തടയുന്നതിനൊപ്പം തന്നെ ഈ ആടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, വംശനാശത്തെ അതിജീവിക്കാനും പദ്ധതി സഹായിക്കുമെന്ന് കരുതുന്നു. ആടുകളെ പരിപാലിക്കുന്നതില്‍ വിദഗ്ദ്ധയായ Melissa Jeuken ആണ് പദ്ധതി മേല്‍നോട്ടം വഹിക്കുന്നത്.
1900 കാലഘട്ടത്തില്‍ 250,000-ഓളം എണ്ണം ഉണ്ടായിരുന്ന Old Irish Goat-കളുടെ എണ്ണം വളരെ ചുരുങ്ങി വംശനാശത്തിലെത്തിയെന്ന് ഗവേഷകര്‍ സംശയിക്കുമ്പോഴായിരുന്നു Mulranney പര്‍വ്വതപ്രദേശത്ത് ഏതാനും ചില ആടുകളെ കണ്ടെത്തിയത്. Trinity College Dublin-ല്‍ ഡിഎന്‍എ പരിശോധനയിലൂടെ ഇവ Old Irish Goat-കളാണെന്ന് കണ്ടെത്തിയ ശേഷം ഇവയെ സംരക്ഷിക്കാനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.
Mulranney-യിലുള്ള Padraig Browne എന്നയാളുടെ 5 ഏക്കര്‍ Old Irish Goat Society-യില്‍ നിന്നുമാണ് ആടുകളെ എത്തിച്ചത്. Howth മലനിരകളില്‍ മേയാന്‍ വിട്ടിരിക്കുന്ന ഓരോ ആടിന്റെ കഴുത്തിലും ജിപിഎസ് ട്രാക്കറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ആടുകള്‍ വഴിതെറ്റിപ്പോയാല്‍ കണ്ടെത്താന്‍ ഇവ സഹായിക്കും.