ഈ മഞ്ഞുകാലത്ത് അവധിയാഘോഷങ്ങള്‍ ലക്ഷ്യമിട്ട് കോര്‍ക്ക്, ഡബ്ലിന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും പാരിസിലേയ്ക്ക് വിമാനസര്‍വീസുമായി Vueling. Aer Lingus ഉടമകളായ അന്താരാഷ്ട്ര സ്പാനിഷ് കമ്പനിയാണ് Vueling-ന്റെയും ഉടമകള്‍.
ഡബ്ലിന് പുറമെ നിലവില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുന്ന കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും പാരിസിലെ Orly-യിലേയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോര്‍ക്കില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസുകളാരംഭിക്കുമെന്ന് Ryanair-ഉം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ടൂറിസം മേഖലയില്‍ വലിയ രീതിയിലുള്ള ഉണര്‍വ്വ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. അന്താരാഷ്ട്ര യാത്രകള്‍ വര്‍ദ്ധിച്ചതായി വന്ന റിപ്പോര്‍ട്ടുകളും ഇതിന് വേഗമേകി.
തിങ്കളാഴ്ചയും, വെള്ളിയാഴ്ചയുമാകും Vueling കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്തുകയെന്ന് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് വലിയ വികസനത്തിന് ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ.
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പാരിസിലെ Orly-യിലേയ്ക്ക് നവംബര്‍ 2 മുതല്‍ എല്ലാ ദിവസവും സര്‍വീസുണ്ടാകുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടും അറിയിച്ചു.