അയർലൻഡിൽ കോളജുകൾ തുറന്നെങ്കിലും താമസിക്കാൻ ഇടമില്ല; ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ തലചായ്ക്കാനിടമില്ലാതെ വലയുന്നതായി റിപ്പോർട്ട്

ഐറിഷ് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലില്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് രാജ്യത്ത് ഈ വിദ്യാഭ്യാസ വര്‍ഷം താമസസ്ഥലം ലഭിക്കാതെ പോയതെന്ന് Union of Students in Ireland (USI). കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോളജുകളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ തിരികെയെത്താന്‍ തുടങ്ങിയെങ്കിലും പലരും ഹോട്ടല്‍ റൂമുകളിലും, B&B-കളിലുമാണ് താമസിക്കുന്നത്. മറ്റ് ചിലര്‍ വളരെ ദൂരെ നിന്നും കോളജുകളിലേയ്ക്ക് യാത്ര ചെയ്ത് എത്തേണ്ടിവരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ താമസസൗകര്യമൊരുക്കാനോ, വാടകയ്ക്ക് വീട് നല്‍കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാര്‍ത്ഥികളാണ് ഏറെ കഷ്ടതയനുഭവിക്കുന്നത്.

ഈയാഴ്ച തുടക്കത്തില്‍ USI-യും, വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് പ്രശ്‌നത്തിലേയ്ക്ക് സര്‍ക്കാര്‍ ശ്രദ്ധ ക്ഷണിക്കാനായി ‘No Key, No Degrees’ എന്ന പേരില്‍ Dail-ന് മുന്നില്‍ കിടപ്പ് സമരം നടത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് USI പ്രസിഡന്റ് Clare Austick പറയുന്നത്.

10 വര്‍ഷം മുമ്പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കപ്പെടണമായിരുന്നുവെന്നും, കോളജുകളുടെ തന്നെ ഉടമസ്ഥതയില്‍ കെട്ടിടങ്ങള്‍ പണിപൂര്‍ത്തിയാക്കണമായിരുന്നുവെന്നും Austick പറയുന്നു. അതുണ്ടാകാത്തത് കാരണം ഇപ്പോള്‍ താമസിക്കാനിടം കിട്ടാതെ വിദ്യാര്‍ത്ഥികള്‍ വലയുകയാണ്.

രാജ്യത്ത് ഡബ്ലിന്‍ പോലുള്ള നഗരങ്ങളില്‍ താമസസ്ഥലം ലഭ്യമാണെങ്കിലും അവയുടെ വന്‍ വാടക, വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ഇതിന്റെ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാകാത്ത സാഹചര്യമുണ്ടാകുന്നു എന്നതുകൂടിയാണ്. പഠനം എന്നാല്‍ അതോടൊപ്പമുള്ള താമസസൗകര്യം കൂടിയാണെന്നും Austick വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്ന വാടകയ്ക്ക് പാര്‍പ്പിടം ലഭ്യമാകുന്നില്ലെങ്കില്‍, എത്ര കെട്ടിടങ്ങളുണ്ടായിട്ടും കാര്യമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാരുകള്‍ ഇക്കാര്യത്തിലൊന്നും ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും, വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ അവസാനമായി മാത്രമാണ് പരിഗണിക്കുന്നതെന്നും Austick വിമര്‍ശനമുയര്‍ത്തി. കോളജുകളുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിക്കാനും, കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അടുത്ത ബജറ്റില്‍ ഇതിനായുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന പാര്‍പ്പിടങ്ങള്‍ അവര്‍ക്ക് മാത്രമായി നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: