മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം വിഘടന വിരുദ്ധ ബില്‍ ഫ്രാന്‍സ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് പാസാക്കി. 151 വോട്ടിനെതിരെ 347 വോട്ട് നേടിയാണ് ബില്‍ പാസായത്. 67 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഉപരിസഭയുടെ കൂടി അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാകും. ഇസ്ലാമിക വിഭാഗത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ വരുത്തുന്ന തരത്തിലുള്ളതാണ് ബില്‍. തീവ്രവാദം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ തരത്തിലുള്ള നീക്കങ്ങളും മരവിപ്പിക്കുന്ന ബില്‍ ഉപരിസഭയും പാസാക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
മത ആരാധനാലയങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന തരത്തിലാണ് ബില്‍. ആരാധനലായങ്ങള്‍, മതസ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ വഴി കലാപത്തിന് പദ്ധതിയിടുക, വിദ്വേഷ പ്രചാരണം, തീവ്രവാദ പ്രവര്‍ത്തനം എന്നിവ നടത്തുക തുടങ്ങിയ പ്രവൃത്തികള്‍ക്ക് മൂക്കുകയറിടുന്ന തരത്തിലാണ് ബില്‍.
ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:
രാജ്യത്തെ എല്ലാ മത സംഘടനകളും റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ മാനിക്കുന്നതായി രേഖാമൂലം സര്‍ക്കാരിനെ അറിയിക്കണം.
10000 യൂറോയിലധികം വിദേശ സംഭാവന ലഭിക്കുന്ന ആരാധനാലയങ്ങള്‍ അത് സര്‍ക്കാരിനെ അറിയിക്കണം.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇമാമുകള്‍ക്ക് ഇനി ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇമാമുകളാകാന്‍ പ്രത്യേക ടെസ്റ്റ് പാസാകുകയും, ഫ്രഞ്ച് മുസ്ലിം കൗണ്‍സിലിന്റെ പരിശീലനം സ്വീകരിക്കുകയും നിര്‍ബന്ധം. ഇമാമുകള്‍ നിര്‍ബന്ധമായും ഫ്രഞ്ച് അറിഞ്ഞിരിക്കണം.
പൊതുവിദ്യാലയത്തില്‍ നിന്നും കുട്ടികളെ വിളിച്ചുകൊണ്ടുപോയി മതപഠനം നടത്തുന്നതില്‍ വിലക്ക്.
മൂന്ന് വയസിന് മുകളിലുള്ള കുട്ടികളെ വീട്ടില്‍ വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെങ്കില്‍ പ്രത്യേക നിബന്ധനകള്‍.
പെണ്‍കുട്ടികളുടെ കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് തടവും പിഴയും ശിക്ഷ.
ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ക്ക് താമസാനുമതി നല്‍കുന്നതില്‍ വിലക്ക്.