ഇടുക്കി തേക്കടിയില്‍ ബോട്ടിങ്ങിനെത്തിയ വിദേശ വിനോദ സഞ്ചാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അയര്‍ലന്‍ഡ് സ്വദേശിയായ വിനോദസഞ്ചാരിയാണ് മരിച്ചത്.ഭാര്യക്കും സുഹ്യുത്തുക്കള്്ക്കുമൊപ്പം തേക്കടിയില്‍ ബോട്ടിങ്ങിനെത്തിയ അയര്‍ലന്റ് സ്വദേശിയായ എല്‍കോം ഐവറി കെന്നഡി ബോട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന വിദേശ വനിതയായ നഴ്സ് പ്രാഥമിക ചികിത്സ നൽകി ആംബുലന്‍സ് സൗകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പിന്റെ ആംബുലന്‍സ് മൂന്ന് ദിവസമായി കട്ടപ്പനയിലെ വര്‍ഷോപ്പിലാണെന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് കെ.ടി.ഡി.സി. ഇടപ്പെട്ട് രണ്ടാംമൈലിലെ സ്വകാര്യ ക്ലിനിക്കിന്റെ ആംബുലന്‍സ് വിളിക്കുകയായിരുന്നു. അരമണിക്കൂറോളം ബോട്ടില്‍ കെന്നഡി തളര്‍ന്നു കിടന്നു. ആംബുലന്‍സില്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരണം.
എന്നാല്‍ കെന്നഡിക്ക് ദേഹാസ്യാസ്യമുണ്ടായപ്പോള്‍ തന്നെ വാഹന സൗകര്യമേര്‍പ്പെടുത്തിയെങ്കിലും ഡോക്ടര്‍ സംവീധാനമുള്ള ആംബുലന്‍സ് വേണമെന്ന് കെന്നഡിയുടെ കൂടെയുള്ളവര്‍ നിര്‍ബന്ധം പിടിച്ചുവെന്നും ഇതിനാലാണ് കൃത്യസമയത്ത് ചികിത്സ നേടാന്‍ സാധിക്കാതെ പോയതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി