ചൈനയിലെ മികച്ച സര്‍വകലാശാലകളിലൊന്നായ ഫുഡാൻ സർവകലാശാലയുടെ ചാർട്ടറില്‍ നിന്നും ‘ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യം’ എടുത്തു കളഞ്ഞു. പകരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ പിന്തുടരാനുള്ള പ്രതിജ്ഞ ഉൾപ്പെടുത്തുകയും ചെയ്തു. നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍തന്നെ രംഗത്തുവന്നു തുടങ്ങി. ചൈനയിലെ ഏറ്റവും വലിയ ലിബറൽ സ്ഥാപനങ്ങളിലൊന്നായാണ് ഷാങ്ഹായിലെ ഫുഡാൻ സർവകലാശാല കണക്കാക്കപ്പെടുന്നത്. മൂന്ന് സർവകലാശാലകളിലെ നിയമാവലികളില്‍ മാറ്റം വരുത്തുന്നതിന് അംഗീകാരം നൽകിയതായി ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നടപടിക്കെതിരെ ചൈനീസ് സമൂഹമാധ്യമമായ വീബോയിലൂടെ മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതിഷേധം ആരംഭിച്ചു. ‘ഫുഡാൻ ഭേദഗതി’ എന്ന ഹാഷ് ടാഗ് പത്ത് ലക്ഷത്തിലധികം തവണയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ ഉടന്‍തന്നെ നീക്കം ചെയ്യപ്പെടുന്നുമുണ്ട്. എന്നിരുന്നാലും പ്രശ്നം സ്വകാര്യ ചാറ്റ് ഗ്രൂപ്പുകളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്.
2012 ൽ പ്രസിഡന്റ് സിൻ ജിൻപിംഗ് അധികാരത്തിൽ വന്നതിനുശേഷം ചൈന ഇന്റര്‍നെറ്റ് നിയന്ത്രണം കര്‍ശനമാക്കുകയും, കാമ്പസുകളിലടക്കം ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് സെൻസർഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹോങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയതാണ് സര്‍വകലാശാലാ നിയമാവലികളില്‍ മാറ്റംവരുത്താന്‍ ചൈനീസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ബുധനാഴ്ച ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിൽ ഒരു കൂട്ടം ഫുഡാൻ വിദ്യാർത്ഥികൾ അവരുടെ കോളേജ് ഗാനം ആലപിക്കുന്നതായി കാണാം. അതില്‍ ‘ചിന്താ സ്വാതന്ത്ര്യം’ എന്ന വാക്കും ഉൾപ്പെടുന്നു.
1989-ലെ ടിയാനൻമെൻ സ്ക്വയര്‍ സംഭവത്തിനു ശേഷം ചൈനയിൽ വിദ്യാർത്ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത് വളരെ അപൂർവമാണ്. ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2020 ലോക സർവകലാശാല റാങ്കിംഗിൽ ആഗോളതലത്തിൽ 109ാം സ്ഥാനത്താണ് ഫുഡാൻ സര്‍വ്വകലാശാല.