കൊച്ചി: എൻസിപി സംസ്ഥാന പ്രസിഡണ്ടും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. കുട്ടനാട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം.72 വയസ്സായിരുന്നു. അർബുദരോഗ ബാധിതനായി കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഈയിടെയായി അദ്ദേഹത്തിന് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഭാര്യ മേഴ്സിക്കുട്ടിയും ഒരു മകനും രണ്ട് പെൺമക്കളും അടങ്ങിയതാണ് തോമസ് ചാണ്ടിയുടെ കുടുംബം.
വ്യവസായി എന്ന നിലയിൽ പ്രശസ്തരായ അദ്ദേഹം റിസോർട്ട്, വിദ്യാഭ്യാസ മേഖലകളിളാണ് പ്രവർത്തിച്ച് വന്നിരുന്നത്. കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ പബ്ലിക് സ്കൂൾ, ഇന്ത്യൻ സെൻട്രൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ്. സൗദി അറേബ്യയിലെ റിയാദിൽ അൽ-അലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളും നടത്തുന്നണ്ട്. പുന്നടമടക്കായലിലെ വിവാദമായ ലേക് പാലസ് റിസോർട്ടും ചാണ്ടിയുടേതാണ്.
കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ കുരുക്ക് മുറുകിയതോടെ പാര്‍ട്ടിയിലും മുന്നണിയിലും മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം സൃഷ്ടിച്ചതിന് ഒടുവിലായിരുന്നു ചാണ്ടി രാജിവെച്ചത്. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത്.
കെഎസ്യുവിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 1970 ൽ കുട്ടനാട് കെഎസ്യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായി. പിന്നീട് എൻസിപിയുമായി ലയിക്കുകയും 2011 ലെ തിരഞ്ഞെടുപ്പിനായി എൽഡിഎഫുമായി യോജിക്കുകയും ചെയ്തു. നിയമസഭയിലെ ഏറ്റവും ധനികനായ എംഎൽഎയാണ് തോമസ് ചാണ്ടി. തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച സ്വത്തുക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ 920 ദശലക്ഷത്തിലധികം ഇന്ത്യൻ രൂപയുടെ ആസ്തിയുണ്ട് ഇദ്ദേഹത്തിന്.