ഡബ്ലിന്‍: കഴിഞ്ഞ ബുധനാഴ്ച താലയിലെ അപ്പാര്‍ട്മെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശവസംസ്കാരങ്ങള്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മേരിയുടെ ഒരേ ഒരു സഹോദരന് ഇന്ന് വൈകിയിട്ടോടെ അയര്‍ലണ്ടില്‍ എത്തും. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു. ജോലിയില്‍ വളരെ കര്‍മ്മകുശലതയോടെ പ്രവര്‍ത്തിച്ച മേരിയുടെ മരണം സഹപ്രവര്‍ത്തകര്‍ക്കും, കൂട്ടുകാര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
മരണത്തിന് മുന്‍പ് വരെ കൂട്ടുകാരുമൊത്ത് ചിരിച്ചുല്ലസിച്ച മേരി ആത്മഹത്യാ ചെയ്യാന്‍ തക്ക കാരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് കൂട്ടുകാര്‍ പറയുന്നത്. സഹപ്രവര്‍ത്തകരായ നഴ്സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ജനുവരി എട്ടിന് ആയിരുന്നു മേരിയുടെ വിവാഹം.വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച മേരി നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ഒരു കൂട്ടുകാരിയെ യാത്രയാക്കി തിരിച്ചെത്തിയ മേരി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.
ജന്മദിന ദിവസം തന്നെയായിരുന്നു മേരി വിടവാങ്ങിയത്. ആശംസകള്‍ അയച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു.ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ മേരിയെ കണ്ടെത്തിയത്. ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്