ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യക്ക് നാറ്റോ സഖ്യകക്ഷികളുടേതിന് സമാനമായ സ്ഥാനം നല്‍കുന്നതിനുള്ള നിയമ വ്യവസ്ഥ യുഎസ് സെനറ്റ് പാസ്സാക്കി. ഇസ്രായേല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളും ഇതിലുണ്ട്. സെനറ്റ് ഇന്ത്യ കോക്കസ് കോ ചെയറായ ജോണ്‍ കോര്ണിന് ആണ് 2020 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് (NDAA) എന്ന ഈ ബില്ല് സെനറ്റില്‍ അവതരിപ്പിച്ചത്.
ഈ നിയമവ്യവസ്ഥയ്ക്കായുള്ള നിര്‍ദ്ദേശം കഴിഞ്ഞയാഴ്ച യുഎസ് സെനറ്റ് പാസ്സാക്കിയിരുന്നതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ്-ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് ശക്തിപ്പെടുത്തുക, സമുദ്ര സുരക്ഷയ്ക്കായി ഒരുമിക്കുക തുടങ്ങിയവയാണ് ഈ ബില്ലിന്റെ ലക്ഷ്യങ്ങള്‍.
ഈ ബില്‍ നിയമമാകണമെങ്കില്‍ യുഎസ് കോണ്‍ഗ്രസ്സിന്റെ രണ്ട് സഭകളും (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്, സെനറ്റ്) പാസ്സാക്കേണ്ടതുണ്ട്. ജൂലൈ മാസത്തില്‍ പ്രതിനിധി സഭ ഈ ബില്‍ പരിഗണിക്കുമെന്നാണ് അറിയുന്നത്.