ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുകയാണ്. ഇറാനെ ‘തുടച്ചുനീക്കുമെന്ന്’ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. അതേസമയം ട്രംപിന് ‘മാനസിക വിഭ്രാന്തി’യാണ് എന്നാണ് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി അഭിപ്രായപ്പെട്ടത്. 2017ല്‍ യു.എസും ഉത്തരകൊറിയയും തമ്മില്‍ നടന്ന വാക്കാലുള്ള ഏറ്റുമുട്ടലുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇരുവരുടേയും പ്രതികരണങ്ങള്‍. ഗള്‍ഫ് മേഖലയിലെ യുഎസ് നയത്തിന്റെ അസ്ഥിരതയെയാണ് ഇത് അടിവരയിടുന്നത് എന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.
ഉപരോധം ശക്തമാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ തന്നെ യാതൊരുവിധ മുന്‍വിധികളുമില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ട്രംപ് പറയുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിക്കും എട്ട് സൈനിക മേധാവികള്‍ക്കും മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തുകയും, വിദേശകാര്യ മന്ത്രി ജവാദ് സരീഫിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കൂടുതല്‍ വഷളായ ഏറ്റുമുട്ടലാണ്നേ താക്കള്‍ തമ്മിലുള്ള വാക്പോരായി മാറിയത്.
പുതിയ ഉപരോധങ്ങളെ പുച്ഛിച്ച് തള്ളിയ റൂഹാനി മാനസികനില തെറ്റിയതിനാലാണ് നിഷ്ഠൂരവും ബാലിശവുമായ ഈ ഉപരോധം അമേരിക്ക അടിച്ചേല്‍പ്പിക്കുന്നതെന്ന് തുറന്നടിച്ചു. ഇറാന് സ്റ്റേറ്റ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആയത്തൊള്ള ഖമനേയിക്ക് വിദേശത്ത് സ്വത്തുക്കളില്ലാത്തതിനാല്‍ ഇപ്പോഴത്തെ യുഎസ് ഉപരോധം വിജയിക്കാന്‍ പോകുന്നില്ല. അമേരിക്കയുടെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ഉപരോധ നീക്കം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ട്രംപിന്റെ നടപടികള്‍ തീര്‍ത്തും ‘ബുദ്ധിശൂന്യമാണെന്ന്’ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് എല്ലാ അപവാദ പ്രചാരണങ്ങളും അവസാനിപ്പിച്ച് ഇരുവരും സൗഹൃദ സംഭാഷണങ്ങളിലെക്കും ഉച്ചകോടിയിലേക്കും നീങ്ങുന്നതും ലോകം കണ്ടു. ഇപ്പോള്‍ നടക്കുന്ന വാക്ക്പോരുകളും വൈകാരിക പ്രതികരണങ്ങള്‍ക്കും ട്വീറ്റുകള്‍ക്കും കാരണമായി. ഇറാന്റെ നേതൃത്വത്തിന് ‘അനുകമ്പ’ എന്ന വാക്കിന്റെ അര്‍ത്ഥമാറിയില്ല, അവര്‍ക്ക് കരുത്തും ശക്തിയും എന്താണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ് അമേരിക്ക എന്നൊക്കെ ട്രംപ് തുടരെത്തുടരെ ട്വീറ്റ് ചെയ്യുന്നുണ്ട്.