ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാര്‍ദ് കുഷ്നറുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് അജ്ഞാതരായ നിക്ഷേപകരില്‍നിന്നും 90 മില്യണ്‍ ഡോളര്‍ പണമാണ് ലഭിച്ചത്. ഇത് ട്രംപിന്റെ ഉപദേഷ്ടാവായി നിയമിതനായതിനുശേഷം മാത്രം നടന്ന ഇടപാടാണെന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേറ്റ് രേഖകള്‍ പ്രകാരം കുഷ്നര്‍ യുഎസ്സിനു വേണ്ടി അന്താരാഷ്ട്ര ദൂതനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിദേശത്തു നിന്ന് അദ്ദേഹത്തിന്റെ കമ്പനിയായ ‘കാഡ്ര’യിലേക്ക് നിക്ഷേപങ്ങളുടെ കുത്തൊഴുക്കാണ്. പ്രമുഖ മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ് മാന്‍ സാക്സിന്റെ കെയ്മാന്‍ ദ്വീപിലുള്ള ശാഖയില്‍നിന്നുമാണ് പണം വരുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് രഹസ്യാത്മകത ഉറപ്പുനല്‍കുന്ന കുറഞ്ഞ നിരക്കില്‍ നികുതി ഈടാക്കുന്ന രാജ്യമാണ് കെയ്മാന്‍ ദ്വീപ്.
ട്രംപിന്റെ മൂത്ത മകള്‍ ഇവാങ്കയെയാണ് കുഷ്നര്‍ വിവാഹം കഴിച്ചത്. ഗവണ്മെന്റിന്റെ പ്രധാന ചുമതലകള്‍ ഏറ്റെടുത്തതിനു ശേഷം കമ്പനിയുടെ പ്രധാന ആസ്തികളെല്ലാം അദ്ദേഹം വിറ്റഴിച്ചിരുന്നു. അപ്പോഴും നല്ലൊരു ശതമാനം ഓഹരി കൈവശം വെക്കുകയും ചെയ്തു. ഇപ്പോള്‍ 50 മില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളതെന്ന് കുഷ്നര്‍ തന്നെ വെളിപ്പെടുത്തിയ സാമ്പത്തിക രേഖകളില്‍ ഉണ്ട്. കുഷ്നര്‍ യു.എസ് ഗവണ്മെന്റിനു വേണ്ടി ചെയ്യുന്ന ജോലിയും കാഡ്രക്കു ലഭിക്കുന്ന വമ്പിച്ച നിക്ഷേപങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. നിക്ഷേപങ്ങളിലെ സുതാര്യത ഇല്ലായ്മയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
വൈറ്റ് ഹൌസിലെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ കുഷ്നര്‍ കാഡ്രയിലെ തന്റെ ഉടമസ്ഥാവകാശം 25 ശതമായി കുറച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. ആരൊക്കെയാണ് ഗോള്‍ഡ് മാന്‍ സാക്സ് വഴി നിക്ഷേപം നടത്തിയതെന്ന് വ്യക്തമല്ല. കെയ്മാന്‍ ദ്വീപില്‍ നിന്നും സൌദി അറേബ്യയില്‍ നിന്നും ഇത്തരത്തില്‍ നിക്ഷേപം വരുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതേകുറിച്ച് പ്രതികരിക്കാന്‍ കുഷ്നറോ വൈറ്റ് ഹൌസോ ഇതുവരെ തയ്യാറായിട്ടില്ല. കാഡ്രയുടെ വക്താവും ഈ വിഷയത്തില്‍ മൌനം പാലിച്ചു. ഗോള്‍ഡ്മാന്‍ സാച്ച്സ് വഴി ആരാണ് നിക്ഷേപം നടത്തിയതെന്നതു സംബന്ധിച്ച് കാഡ്രറിന് ഒരു വിവരവും ലഭിക്കില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്സിന്റെ വക്താവായ പാട്രിക് സ്കാന്‍ലാന്‍ പറഞ്ഞു.