സാന്‍ഫ്രാന്‍സിസ്കോ: മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് പോലീസിനും മറ്റ് സര്‍ക്കാര്‍ എജന്സികള്ക്കും സാന്‍ഫ്രാന്‍സിസ്കോയില്‍ വിലക്കേര്‍പ്പെടുത്തി. ഇത്തരത്തില്‍ നിയമം പാസാക്കുന്ന ആദ്യ അമേരിക്കന്‍ പട്ടണമാവുകയാണ് സാന്‍ഫ്രാന്‍സിസ്കോ. രഹസ്യ നിരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഒന്നിനെതിരെ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സാന്‍ഫ്രാന്‍സിസ്കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാര്‍ പാസാക്കിയത്.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബില്ലില്‍ അടങ്ങിയിരിക്കുന്നത്. ഒന്ന്, മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വിലക്കാണ്. രണ്ട്, വ്യക്തികളെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റെല്ലാ മാര്‍ഗ്ഗങ്ങളും കര്‍ശനമായി നിരീക്ഷിക്കുക എന്നതും. ഇനിമുതല്‍ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് അത് പൊതുജനങ്ങളെ അറിയിക്കുകയും, നിയമനിര്‍മ്മാണ സഭയുടെ അംഗീകാരം തേടുകയും വേണം.
‘ഒരു സുരക്ഷാ സംവിധാനമില്ലാതെ നമുക്ക് സുരക്ഷിതരാകാന്‍ കഴിയണം, പോലീസ് രാജില്ലാതെ നല്ല പോലീസും ഉണ്ടാകണം’ എന്ന് സൂപ്പര്‍വൈസറായ ആരോണ്‍ പെസ്കിന്‍ പറയുന്നു. ബിഗ് ബ്രദര്‍ ടെക്നോളജികളില്ലാതെ സമൂഹത്തിന് നല്ല വിവരങ്ങള്‍ നല്കി അവരുടെ വിശ്വാസം നേടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ പുതിയ നിയമത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്. വലിയ രീതിയിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാന്‍ഫ്രാന്‍സിസ്കോ പോലുള്ള നഗരങ്ങളില്‍ പോലീസിന് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉണ്ടാകണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സെല്‍ഫോണുകളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇക്കാലത്ത്, എങ്ങും നിരീക്ഷണ ക്യാമറകളുള്ള ഒരു പ്രദേശത്ത് എന്ത് സ്വകാര്യതയാണ് ഉള്ളതെന്ന് സ്റ്റോപ്പ് ക്രൈം എസ്.എഫ്. ഗ്രൂപ്പ് അംഗമായ മെറിദ്രി സാറ ചോദിക്കുന്നു.
അതേസമയം നിരോധനത്തെ പിന്തുണയ്ക്കുന്നവര്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ പൗരാവകാശങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയാണെന്നും വാദിക്കുന്നു. സാങ്കേതികവിദ്യയുടെ കൃത്യതയെക്കുറിച്ചുള്ള ആശങ്കകളെ അഭിമുഖീകരിക്കുക, വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞു കയറിയുള്ള നിരീക്ഷണ സംസ്കാരത്തില്‍നിന്നും മോചിതരാവുക എന്നതാണ് പുതിയ നിയന്ത്രണങ്ങള്‍ നല്കുന്ന സന്ദേശമെന്ന് ആരോണ്‍ പെസ്കിന്‍ പറഞ്ഞു