പാരീസ് : ഫ്രാന്‍സില്‍ ടെക്‌നോ മ്യൂസിക് 2019 ഇല്‍ പങ്കെടുക്കാനെത്തിയ 30 ഓളം ആളുകള്‍ക്ക് ശരീരതാപനില അപകടകരമായ നിലയില്‍ കുറയുന്ന ശാരീരികാവസ്ഥയായ ഹൈപോതെര്‍മിയ പിടിപെട്ടു. അപ്രതീക്ഷിതമായി മഞ്ഞു വീഴ്ച അനുഭവപെട്ടതോടെ താപനില മൈനസ് മൂന്ന് ഡിഗ്രിയോളം കുറഞ്ഞതാണ് ഹൈപോതെര്‍മിയയ്ക്ക് കാരണം.
സംഭവത്തെ തുടര്‍ന്ന് റെഡ് ക്രോസ് പുതപ്പകള്‍ വിതരണം ചെയ്തതോടെ പരിപാടിക്ക് എത്തിയ നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. ഈ വര്‍ഷം ഫ്രാന്‍സിലെ സെന്‍ട്രല്‍ ക്രെയൂസ് പ്രദേശത്തായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ പതിനായിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയമ പരിധിയില്‍ പെടാത്ത ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവല്‍ ആണിത്.
വളരെ ഉയര്‍ന്ന ആവൃത്തിയില്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതവും നൃത്തവും ഇടകലര്‍ന്ന ഈ പരിപാടിക്ക് പല രാജ്യങ്ങളും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. റെസിഡന്റില്‍ മേഖലകളില്‍ നിന്നും മാറി ജനവാസം കുറഞ്ഞ സ്ഥലങ്ങളിലാണ് ഇത് സ്വകാര്യമായി അരങ്ങേറുന്നത്. യൂറോപ്പില്‍ നിരോധനം ഉണ്ടെങ്കിലും ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എപ്പോഴും എല്ലാ വര്‍ഷങ്ങളിലും ടെക്‌നിവല്‍ നടന്ന് വരുന്നുണ്ട്.
ജനവാസം കുറഞ്ഞ പ്രദേശങ്ങളിലെ ബീച്ചുകള്‍, ഹില്‍ സ്റ്റേഷന്‍സ് എന്നിവടങ്ങളിലാണ് പ്രധാനമായും ഇത് സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇത് ആരംഭിക്കുന്നതിനു മിനിട്ടുകള്‍ക്ക് മുന്‍പാണ് അറിയാന്‍ കഴിയുക. മനുഷ്യര്‍ക്ക് മാത്രമല്ല പക്ഷി മൃഗാദികള്‍കും ഏറെ അസ്വസ്ഥതയുണ്ടാക്കുമെന്നതിനാല്‍ യൂറോപ്പിലെ പരിസ്ഥിതി പ്രവര്‍ത്തകരും ഇത്തരം പരിപാടികള്‍ നിര്‍ത്തണമെന്ന് ആവശ്യപെട്ടു സര്‍ക്കാരുകളെ സമീപിച്ചു വരികയാണ്.
ചില പരിപാടികള്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുകയും ചെയ്യും. മ്യൂസിക്കല്‍ ഫെസ്റ്റ് നടക്കുന്ന പ്രദേശങ്ങളില്‍ ആളുകള്‍ ടെന്റ് കെട്ടിയും, കാരവനിലും താമസിച്ചാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളിലാണ് സാധാരണയായി ടെക് നിവല്‍സ് കണ്ടുവരുന്നത്. ഇത്തരം പരിപാടിയില്‍ വന്‍ തോതില്‍ മയക്കുമരുന്നു വിപണനം സജീവമായതോടെയാണ് യൂറോപ്പില്‍ പരിപാടിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഡികെ