ന്യൂഡല്‍ഹി: ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 13ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജപമാലയജ്ഞങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി ‘റോസറി എക്രോസ് ഇന്ത്യ’ എന്ന കൂട്ടായ്മ. ദൈവ മാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടില്‍ സംഘടിപ്പിച്ച ‘റോസറി ഓണ്‍ ബോര്‍ഡറിന്റെയും ബ്രിട്ടണില്‍ നടന്ന ‘റോസറി ഓണ്‍ കോസ്റ്റിന്റെയും’ മാതൃകയില്‍ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ‘റോസറി എക്രോസ് ഇന്ത്യ’ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്.
ഇതിന് മുന്നോടിയായി ആഗസ്റ്റ് 15 മുതല്‍ വീടുകളില്‍ ’54 ഡേ മിറാക്കുലസ് റോസറി നൊവേന’ ചൊല്ലണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൈവാലയങ്ങളിലും പ്രാര്‍ഥന കൂട്ടായ്മകളിലും തൊഴിലിടങ്ങളിലും ജപമാല പ്രാര്‍ഥന സംഘടിപ്പിച്ച് അരൂപിയില്‍ നിറയണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 13ന് ദൈവാലയങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സമ്മേളിച്ചാവും ജപമാല അര്‍പ്പണം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് rosaryacrossindia.co.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ 250 സ്ഥലങ്ങളില്‍ ജപമാല യജ്ഞം നടന്നതില്‍ വലിയൊരു ശതമാനം കേരളത്തിലായിരുന്നു.