ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും എന്‍ഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ റൈഫിള്‍ ക്ലബിലാണ് പത്രികാ സമര്‍പ്പണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.
വരാണസിയില്‍ കഴിഞ്ഞ ദിവസം എത്തിയ നരേന്ദ്രമോദി വൈകീട്ട് മെഗാ റോഡ്ഷോ നടത്തിയിരുന്നു. വന്‍ ജനപങ്കാളിത്തമുള്ള റോഡ് ഷോക്ക് ശേഷം ദശാശ്വമേധ ഗട്ടില്‍ പ്രത്യേക പൂജയും നടത്തിയിരുന്നു. ബി.ജെ.പി ശക്തി പ്രകടനം കൂടിയായിരുന്നു റോഡ് ഷോ. വികസനത്തെ തൊടാതെയായിരുന്നു അവിടെ പ്രധാനമന്ത്രിയുടെ പ്രസംഗം. കാവിമയമായ അന്തരീക്ഷത്തിലായിരുന്നു മോദിയുടെ ശക്തിപ്രകടനം.
പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് അജയ് റായിയെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വരാണസിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ശാലിനി യാദവാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഒഡീഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രചരണം.