അയര്‍ലന്‍ഡ് ഐറിഷുകാര്‍ക്ക്: ഐറെക്‌സിറ്റ് ആവശ്യപ്പെട്ട് അയര്‍ലണ്ടില്‍ വമ്പന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് ഐറിഷ് ഫ്രീഡം പാര്‍ട്ടി

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും അയര്‍ലന്‍ഡ് വിട്ടുമാറണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് നഗരങ്ങളില്‍ വന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യൂണിയന്‍ വിരുദ്ധരായ ചില രാഷ്ട്രീയ കക്ഷികള്‍. ഐറെക്‌സിറ്റ് ആവശ്യപ്പെട്ട് ഇപ്പോള്‍ സജീവമായി രംഗത്ത് ഇറങ്ങിയത് ഐറിഷ് ഫ്രീഡം പാര്‍ട്ടിയാണ്. അയര്‍ലണ്ടിനുമേല്‍ യൂണിയന്റെ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടി ബില്‍ ബോര്‍ഡ് പ്രചാരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

അയര്‍ലണ്ടിന് സ്വതന്ത്രമായ ഭരണ സംവിധാനം മതിയെന്നും അതിന് മുകളില്‍ മറ്റൊരു നിയന്ത്രണം ആവശ്യമില്ലെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് യൂണിയന്‍ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടി ഐറെക്‌സിറ്റിന് തുടക്കം കുറിച്ചത്. ഈ രാഷ്ട്രീയ പാര്‍ട്ടിക്ക് ഔദ്യോഗിക പാര്‍ട്ടി എന്ന അംഗീകാരം ലഭിച്ചാല്‍ അടുത്ത യൂറോപ്യന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുകയാണ്.

ഹെര്‍മന്‍ കെല്ലി എന്ന സാമൂഹ്യ പ്രവര്‍ത്തകനും ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസ്സര്‍ ഡൊളോറസ്സ് കഹിലും രൂപപ്പെടുത്തിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഐറെക്‌സിറ്റ് ആവശ്യവുമായി രംഗത്തിറങ്ങിയത്. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ഈ പാര്‍ട്ടി ഐറെക്‌സിറ്റ് നടപ്പാക്കി അയര്‍ലണ്ടിനുമേലുള്ള യൂണിയന്റെ ആധിപത്യം അവസാനിപ്പിക്കണമെന്ന് ആഹ്വനം ചെയുന്നു. യൂണിയനില്‍ അംഗമായതോടെ ഐറിഷ് ഭാഷക്കും സംസ്‌കാരത്തിനും വന്‍തോതില്‍ കോട്ടം സംഭവിച്ചെന്നും ഫ്രീഡം പാര്‍ട്ടി അഭിപ്രായപ്പെടുന്നു.

യൂണിയനില്‍ നിന്നും അയര്‍ലണ്ടിനെ മോചിപ്പിച്ച് അയര്‍ലണ്ടിന്റെ തനതായ പാരമ്പര്യം നിലനിര്‍ത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ യൂണിയന്‍ പിന്മാറ്റമായിരിക്കും പാര്‍ട്ടിയുടെ ആദ്യ അജണ്ട. അയര്‍ലണ്ട് ഇന്ന് നേരിടുന്ന പല പ്രതിസന്ധികള്‍ക്കും പ്രധാന കാരണം യൂണിയന്റെ അനാവശ്യ ഇടപെടലാണെന്നും ഫ്രീഡം പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു.

യൂണിയനില്‍ അംഗമായതോടെ അയര്‍ലണ്ടിന് പരമാധികാരം നഷ്ട്ടപ്പെട്ടിരിക്കുകയാണെന്നും പാര്‍ട്ടി നേതാവ് ഹെര്‍മന്‍ കെല്ലി അഭിപ്രായപ്പെടുന്നു. രാജ്യവ്യാപകമായി നടക്കുന്ന ബില്‍ ബോര്‍ഡ് പ്രചാരണത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും വന്‍ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഐറിഷ് ഫ്രീഡം പാര്‍ട്ടി.

ഡികെ

Share this news

Leave a Reply

%d bloggers like this: