യു.എസ്: മലയാളി ദമ്പതിമാരുടെ അശ്രദ്ധയെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസ് സ്റ്റേറ്റിലെ ഡള്ളസിലുള്ള വെസ്ലി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വയസ്സുകാരിയായ മാത്യുവിന്റെ മകള്‍ ഷെറിന്‍ മാത്യുവിനെ വീട്ടു മുറ്റത്ത് വച്ച് കാണാതാവുകയായിരുന്നു. ഭക്ഷണത്തിനോട് വിമുഖത കാണിച്ച ഷെറിന്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിന്റെ ഗേറ്റിനു പുറത്ത് ആക്കി വാതില്‍ അടക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മാണിയോട് അടുപ്പിച്ചായിരുന്നു സംഭവം നടന്നത്.
കുട്ടിയെ വീടിനു പുറത്താക്കി വാതില്‍ അടച്ച മാത്യു 15 മിനിട്ടുകള്‍ക്കകം വീണ്ടും വാതില്‍ തുറന്ന് അന്വേഷിച്ചപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍, അപകടപ്പെടുത്താന്‍ ശ്രമിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് കുട്ടിയുടെ രക്ഷിതാവിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍. സമീപപ്രദേശത്ത് ചെന്നായ്ക്കളുടെ ശല്യം ഉണ്ടാകാറുള്ളതായി മാത്യു സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും മാത്യു പോലീസിനോട് പറഞ്ഞു. എന്നാല്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയതിന്റെ യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. മാത്രമല്ല, കുട്ടി നായ്ക്കളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള ലക്ഷണങ്ങളും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കുട്ടിയെ കാണാതായി 5 മണിക്കൂറിന് ശേഷം മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ അസ്വാഭാവികത ഉള്ളതായി ടെക്‌സസ് പോലീസ് പറയുന്നു. ഡെവലപ്മെന്റല്‍ ഡിസോഡര്‍ എന്ന അസുഖം ബാധിച്ച കുട്ടിയെ സംഭവത്തിന് ഒരു ദിവസം മുന്‍പ് ചൈല്‍ഡ് കെയര്‍ ഹോമില്‍ നിന്നും വീട്ടിലേക്ക് വിട്ടയച്ചിരുന്നു. കുട്ടിയെ പരിചരിക്കാന്‍ താത്പര്യമില്ലെന്ന് കെയര്‍ഹോം അറിയിക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസം ആണ് ഷെറിനെ വീട്ടില്‍ നിന്നും കാണാതായത്. അര്‍ധരാത്രിക്ക് ശേഷം കുട്ടിക്ക് ഭക്ഷണം നല്‍കിയതില്‍ അസ്വാഭാവികത ഇല്ലെന്ന് മാത്യു പരാതിയില്‍ പറയുന്നു.
വളരെക്കാലമായി കുട്ടികളില്ലാതിരുന്ന മാത്യു ദമ്പതിമാരുടെ ദത്തുപുത്രിയാണ് ഷെറിന്‍. ദത്തെടുത്ത സമയത്ത് മെലിഞ്ഞുണങ്ങിയ കുട്ടി മാതാപിതാക്കളുടെ സംരക്ഷണയില്‍ ആരോഗ്യ പുഷ്ടി നേടിയിരുന്നു. മാത്യുവിന്റെ വാഹനം, ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, ക്യാമറ തുടങ്ങിയവ പോലീസ് പരിശോധിച്ച് വരികയാണ്. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ബോണ്ട് നല്‍കി പുറത്തിറങ്ങിയ മാത്യു നല്‍കിയ മൊബൈല്‍ നമ്പര്‍ തെറ്റാണെന്ന് പോലീസ് പറയുന്നു. കാണാതാകുമ്പോള്‍ കുട്ടി ധരിച്ചിരുന്നത് ലെഗ്ഗിന്‍സും പിങ്ക് ലോങ്ങ് സ്ലീവ് ഉടുപ്പുമാണ്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ടെക്‌സസ് പോലീസ് ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.
ഡി കെ