ജനീവ: ഇന്ത്യയ്ക്കെതിരായി പാകിസ്താന്‍ രൂപംനല്‍കിയ ഭീകര സംഘടനകള്‍ ബീഭത്സ സത്വങ്ങളായി അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ അജിത് കുമാര്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള ഭീകരതയും വളര്‍ത്തി ജമ്മുവിലും കശ്മീരിലും സംഘര്‍ഷം സൃഷ്ടിക്കുകയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീരില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന പാകിസ്താന്‍ പ്രതിനിധിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഗോള ഭീകരതയുടെ പ്രഭവസ്ഥാനമെന്ന പേര് നേടിയ പാകിസ്താനാണ് കശ്മീരിനെക്കുറിച്ചു പറയുന്നതെന്ന വിരോധാഭാസവും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു ദശകങ്ങളായി ലോകത്തെ പേടിപ്പിച്ച ഭീകരര്‍ക്കെല്ലാം അഭയം നല്‍കുന്നതും നിലനിര്‍ത്തിപ്പോരുന്നതും പാകിസ്താനാണ്. അതിര്‍ത്തികടന്നുള്ള തീവ്രവാദവും നുഴഞ്ഞുകയറ്റവും പ്രോത്സാഹിപ്പിച്ച് ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്തുന്നതും പാക്കിസ്ഥാനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ എം