മെല്‍ബണ്‍: ലോകത്താദ്യമായി പാസ്‌പോര്‍ട്ട് ഇല്ലാതെ വിദേശ യാത്ര നടത്താന്‍ ഓസ്‌ട്രേലിയയില്‍ നൂതന സംവിധാനമൊരുങ്ങുന്നു. ക്ലൗഡ് കംപ്യൂട്ടിംഗ് പോലെ ക്ലൗഡ് പാസ്‌പോര്‍ട്ട് സംവിധാനമാണ് പരിഗണനയിലുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി ലോകം മുഴുവന്‍ പിന്‍തുടരുമെന്ന് വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് അഭിപ്രായപ്പെട്ടു.
വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ഇന്നവേഷന്‍ എക്‌സ്‌ചേഞ്ചിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയം ഉയര്‍ന്നു വന്നത്. വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ്, സെക്രട്ടറി പീറ്റര്‍ വര്‍ഗീസ്, സഹമന്ത്രി സ്റ്റീവ് കിയോബോ, ലോകബാങ്ക് പ്രതിനിധി ക്രിസ് വെയ്ന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ആശയത്തിന് തുടക്കം കുറിച്ചത്.
പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷമാദ്യമാണ് കാന്‍ബറയിലെ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. നിരവധി നൂതനാശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് തിരഞ്ഞെടുത്ത 10 എണ്ണം നാലുപേരടങ്ങുന്ന ജഡ്ജിംഗ് സമിതിക്കു സമര്‍പ്പിക്കുകയായിരുന്നു. സമിതിയാണ് പാസ്‌പോര്‍ട്ട് ലെസ് ട്രാവല്‍ എന്ന ആശയം മികച്ചതായി കണ്ടെത്തിയതും ഇതു നടപ്പാക്കാനുള്ള നടപടികള്‍ക്ക് ശുപാര്‍ശ നല്‍കിയതും.
ക്ലൗഡ് പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ യാത്രക്കാരന്റെ തിരിച്ചറിയില്‍ രേഖകളും ബയോമെട്രിക് ഡേറ്റയും ക്ലൗഡില്‍ ശേഖരിക്കും. യാത്ര ചെയ്യുന്ന സമയത്ത് പാസ്‌പോര്‍ട്ട് കൊണ്ടുപോകേണ്ട ആവശ്യമില്ല. പാസ്‌പോര്‍ട്ട് കളവു പോകുമെന്നോ നഷ്ടപ്പെടുമെന്നോ ഉള്ള ഭയവും വേണ്ട. 2014-15 കാലയളവില്‍ 38,718 പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെടുകയോ കളവു പോകുകയോ ചെയ്തതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. തൊട്ടു മുന്‍പുള്ള വര്‍ഷം ഇത് 38,689 ആയിരുന്നു.
ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് ക്ലൗഡ് പാസ്‌പോര്‍ട്ട് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ബയോമെട്രിക് ഡേറ്റ ക്ലൗഡില്‍ സൂക്ഷിക്കുമ്പോള്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടി വരുമെന്ന് ബിഷപ്പ് പറയുന്നു.
കാന്‍ബറയിലെ ഇന്നവേഷന്‍ എക്‌സ്‌ചേഞ്ചിലാണ് മന്ത്രി പുതിയ ആശയം വെളിപ്പെടുത്തിയത്. ഭരണ നിര്‍വഹണത്തിലെ പരമ്പരാഗത വഴികള്‍ക്കു പകരം പുതിയ സമീപനങ്ങള്‍ സ്വീകരിക്കുന്നതിനു നടപ്പാക്കുന്നതിനും വേണ്ടിയാണ് മന്ത്രി ബിഷപ്പിന്റെ നേതൃത്വത്തില്‍ ഇന്നവേഷന്‍ എക്‌സ്‌ചേഞ്ച് എ്‌നന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ബ്ലൂംബെര്‍ഗുമായി സഹകരിച്ചുള്ള ഡേറ്റ കളക്ഷന്‍ സര്‍വീസാണ് മറ്റൊരു ഉദ്യമം. 100 മില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയാണിത്. 20 രാജ്യങ്ങളിലെ പൗരന്മാരുടെ ഹെല്‍ത്ത് ഡേറ്റ ശേഖരിക്കുന്ന പദ്ധതിയാണിത്. ഓപ്പണ്‍ സോഴ്‌സ് മാതൃകയിലുള്ള ശേഖരം സര്‍ക്കാരുകള്‍ക്കും എന്‍ജിഒകള്‍ക്കും മാധ്യമങ്ങള്‍ക്കും ഉപയോഗിക്കാം.
-എസ്‌കെ-