യാക്കൂബ് മേമന്റെ ഹര്‍ജി തള്ളി; 30നു വധശിക്ഷ നടപ്പാക്കിയേക്കും

 

ന്യൂഡല്‍ഹി: 1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30നു നടപ്പാക്കിയേക്കും. വധശിക്ഷ ചോദ്യംചെയ്തു മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ നടപ്പാക്കാന്‍ ടാഡ കോടതി നല്കിയ ഉത്തരവു സുപ്രീംകോടതി ശരിവച്ചു. നേരത്തെ രാഷ്ട്രപതി മേമന്റെ ദയാഹര്‍ജിയും തള്ളിയിരുന്നു.

ശിക്ഷയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മേമനെ 30ന് നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയപ്പോള്‍ത്തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. അതിനിടെയാണു മേമന്‍ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയില്‍ നല്കിയത്.

മേമന്റെ വധശിക്ഷ നടപ്പാക്കിയാല്‍ 1993-ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇത്. കഴിഞ്ഞ ഏപ്രില്‍ വധശിക്ഷ ചോദ്യംചെയ്തു മേമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും മേമന്റെ ഹര്‍ജിയില്‍ കോടതി രണ്ടു തവണ വധശിക്ഷ നടപ്പാക്കുന്നതിനു താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു.

53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ ടാഡ കോടതി വധശിക്ഷയ്ക്കു വിധിക്കുന്നത്. 1993-ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണു സ്‌ഫോടനമുണ്ടായത്.

-എജെ-

Share this news

Leave a Reply

%d bloggers like this: