തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ത്തിയ കേസിലെ മുഖ്യപ്രതിയെ കുറിച്ച് വ്യക്തമായ സൂചന കിട്ടിയതായി ആന്റിപൈറസി സെല്‍ എസ്പി പ്രതീഷ്കുമാര്‍. ഇതേക്കുറിച്ച് പ്രതിക്കും അറിയാമെന്നും ശാസ്ത്രീയ പരിശോധനാഫലം വന്നാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും എസ്പി പറഞ്ഞു.
പ്രേമം പുറത്തായതില്‍ ഒരുമാസത്തിലേറെയായി അന്വേഷണം നടക്കുന്നു. നിരവധി പേരെ ചോദ്യം ചെയ്തു. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തും തിരുവനന്തപുരത്തെയും ചെന്നൈയിലെയും സ്റ്റുഡിയോകളിലും തെളിവെടുത്തു. അന്വേഷണത്തിനെതിരെ പലകോണുകളില്‍ നിന്നും പരാതി ഉയരുമ്പോഴാണ് ആന്റിപൈറസി സെല്‍ എസ്പി പ്രതീഷ്കുമാര്‍ പ്രതിയെ കുറിച്ച് കൃത്യമായ സൂചന കിട്ടിയെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പ്രതിയാരാണെന്ന് എസ്പി വെളിപ്പെടുത്തിയില്ല.കഴിഞ്ഞ നാലുദിവസത്തിനിടെ നടന്ന ചോദ്യം ചെയ്യലാണ് ഏറെ നിര്‍ണ്ണായകമായത്. അഞ്ച് സ്ഥലങ്ങളില്‍നിന്നും ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ചിത്രം വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കൂടുതല്‍പേരുടെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷെ ചോര്‍ത്തിയവരെ കണ്ടെത്തിയശേഷം പ്രചരിപ്പിച്ചവരെ പിടിച്ചാല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇടനിലക്കാരെ ഒഴിവാക്കി സംവിധായകനോ നിര്‍മ്മാതാവോ സെന്‍സറിനായി കോപ്പികള്‍ എത്തിക്കണമെന്നും പ്രതീഷ് കുമാര്‍ പറഞ്ഞു.