പത്തനംതിട്ട: കോന്നി പെണ്‍കുട്ടികളുടെ കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘത്തിനു വീഴ്ച പറ്റിയതായി നിലവിലെ അന്വേഷണ മേധാവി എസ്പി കമന്‍ഡാന്റ് ഉമ ബഹറ ഐപിഎസ്. സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കും. പെണ്‍കുട്ടികളില്‍ ഒരാള്‍ മാവേലിക്കരയില്‍നിന്നും വീട്ടിലേക്കു ഫോണ്‍ വിളിച്ച സമയത്ത് അവരെ കണ്ടെത്തുന്നതിന് ആവശ്യമായ ഒന്നുംതന്നെ ചെയ്തിരുന്നില്ല. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കോന്നി പോലീസ് ശ്രമിച്ചില്ല.
പെണ്‍കുട്ടികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന സ്ഥലങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിക്കുവാനാണ് അന്വേഷണ മേധാവിയുടെ തീരുമാനം. അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയും വീണ്ടും രേഖപ്പെടുത്തും. പരുക്കേറ്റ് ചികില്‍സയിലുള്ള ആര്യയുടെ മൊഴി ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് ശേഖരിക്കും. സംഭവവുമായി ബന്ധപ്പെട്ടു കോന്നി സിഐക്കെതിരേ നടപടി സ്വീകരിക്കുമെന്നാണു സൂചനകള്‍. കേസ് അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയതായി പെണ്‍കുട്ടികളുടെ വീട്ടുകാരും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരും ആരോപിച്ചിരുന്നു.