ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും നാപ്കിന് ഉപയോഗിക്കുന്ന പിച്ചവെച്ച് നടക്കുന്ന കുഞ്ഞാണെന്ന് ബിജെപി. കൊച്ചുവായില്‍ വലിയ വര്‍ത്തമാനം പറയാന്‍ കുട്ടികളെ ആരും അനുവദിക്കാറില്ലെന്നും വിമര്‍ശിക്കുമ്പോള്‍ വസ്തുതകള്‍ മനസ്സിലാക്കി വേണമെന്നും ബിജെപി പരിഹസിച്ചു.
56 ഇഞ്ച് നെഞ്ചളവ് 5.6 ഇഞ്ചായി ചുരുങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാഹുല്‍ നല്കിയ കൊട്ടിന് മറുപടിയായി ബിജെപി സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിംഗിന്റേതായിരുന്നു കളിയാക്കല്‍. രാഹുല്‍ ഇപ്പോഴും നാപ്കിന് ഉപയോഗിക്കുന്ന കുട്ടിയാണെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് ആ കുട്ടിക്ക് ഉപദേശങ്ങള്‍ നല്കാന് പ്രായമായിട്ടില്ലെന്നും പറഞ്ഞു. രാഷ്ര്ടീയത്തില്‍ ഇപ്പോഴും പിച്ചവച്ചു നടക്കുന്ന രാഹുലിന് കോണ്‍ഗ്രസ് ഭാരിച്ച ചുമതലയാണ് നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയത്തിലെ കൊച്ചുപയ്യനായ രാഹുല്‍ ഭൂമി, വിദൂര നിയന്ത്രണ സംവിധാനം, 56 ഇഞ്ച് എന്നൊക്കെ സംസാരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് ആവശ്യപ്പെടാതെ തന്നെ ഞങ്ങള്‍ ഒരു ഉപദേശം നല്‍കുകയാണ്. താങ്കള്‍ക്ക് ഞങ്ങളെ വിമര്‍ശിക്കാം. പക്ഷേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിമര്‍ശിക്കാവൂ.
]സര്‍ക്കാരിനെ വിദൂര നിയന്ത്രണ സംവിധാനമുപയോഗിച്ച് നിയന്ത്രിക്കുന്നത് കോണ്‍ഗ്രസാണ്. ബിജെപിക്ക് ഒരിക്കലും അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വസുന്ധര രാജെയുടെ രാജസ്ഥാന് സര്‍ക്കാരിനെ വിദൂര നിയന്ത്രണ സംവിധാനമുപയോഗിച്ച് ലണ്ടനിരുന്ന് ലളിത് മോദി നിയന്ത്രിക്കുന്നു എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കായിരുന്നു ഈ മറുപടി.
ജയ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്ത രാഹുല്‍ വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും പറഞ്ഞിരുന്നു. 56 ഇഞ്ച് നെഞ്ചളവെന്നൊക്കെ പറഞ്ഞ് അഭിമാനിക്കുന്നവരുടേത് 5.6 ഇഞ്ചായി ചുരുങ്ങുമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.