ന്യൂഡല്‍ഹി: ആറന്മുള നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി അനുമതി നല്കി. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മേയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ കെ.ജി.എസ് വീണ്ടും കേന്ദ്രത്തിന് അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇത് പരിഗണിച്ച വിദഗ്ദ്ധ സമിതി കെ.ജി.എസിന്റെ വിശദീകരണങ്ങള്‍ തൃപ്തികരമാണെന്ന് വിലയിരുത്തി അനുമതി നല്‍കുകയായിരുന്നു.
പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായുള്ള ജനഹിത പരിശോധനയാവും കെ.ജി.എസ് ആദ്യം നടത്തുക. പദ്ധതി സംബന്ധിച്ച എതിര്‍പ്പുകളും മറ്റും ജനങ്ങള്‍ക്ക് ഈ പരിശോധനാ വേളയില്‍ ഉന്നയിക്കാനാവും. റണ്‍വേ നിര്‍മാണം സംബന്ധിച്ചായിരുന്നു നേരത്തെ വിവാദം ഉയര്‍ന്നത്. പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന കോഴിത്തോടിന്റെ ഒഴുക്കിനെ ബാധിക്കുമെന്നായിരുന്നു അന്ന് പരാതി ഉയര്‍ന്നത്. അതിനാല്‍ തന്നെ റണ്‍വേ നിര്‍മാണം തോടിനെ ബാധിക്കരുതെന്ന് സമിതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വേണം പദ്ധതി പ്രദേശത്തെ പ്ളാന്‍ തയ്യാറാക്കേണ്ടതെന്നും സമിതി നിര്‍ദ്ദേശിച്ചു.
പദ്ധതിക്ക് കേരള സര്‍ക്കാര്‍ നേരത്തെ എതിര്‍പ്പില്ലാ രേഖ(എന്‍.ഒ.സി) നല്‍കിയിരുന്നു. പദ്ധതി പ്രദേശത്ത് 490 ഏക്കറില്‍ അമ്പത് ഏക്കര്‍ തരിശുഭൂമിയും 41 ഏക്കര്‍ റബ്ബര്‍ പ്ലാന്റേഷനുമാണ്. കൃഷിയോഗ്യമല്ലാത്ത 325 ഏക്കറും പദ്ധതി പ്രദേശത്ത് ഉള്‍പ്പെടും. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും ഉള്‍പ്പെട്ടതാണ് പദ്ധതി പ്രദേശം. ഇതില്‍ 66 ശതമാനവും കൃഷിയോഗ്യമല്ലാത്തതാണ്. ഭൗമശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ പട്ടിക പ്രകാരം നിര്‍ദിഷ്ട പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്ന ആറന്മുള വില്ലേജില്‍ ചതുപ്പുനിലം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കെ.ജി.എസ് അപേക്ഷയില്‍ പറയുന്നു.
പദ്ധതി പ്രദേശത്തു കൂടി കടന്നു പോകുന്ന കോഴിത്തോട് വൃത്തിയാക്കാതെ കിടക്കുന്നതിനാല്‍ ഒഴുക്ക് പ്പെട്ട് വെള്ളം കെട്ടിനില്‍ക്കുകയാണെന്നുമാണ് കെ.ജി.എസ് അപേക്ഷയില്‍ പറയുന്നത്.