ഡബ്ലിന്‍: ആശുപത്രികളിലെ സീനിയര്‍ ജീവനക്കാര്‍ മരുന്ന് വിതരണക്കാരില്‍ നിന്ന് വിലകൂടിയ പാരിതോഷികങ്ങള്‍ സ്വീകരിച്ചതായും ഹോളിഡേ ട്രിപ്പുകള്‍ക്കുള്ള ഓഫറുകള്‍ ഉപയോഗപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍. മരുന്ന് വിതരണക്കാര്‍ക്ക് സാമ്പത്തികമായി സഹായകരമാകുന്ന വിവരങ്ങള്‍ പര്‍ച്ചേസിങ് ഓഫീസര്‍മാര്‍ കൈമാറുന്നതായും വ്യക്തമായിട്ടുണ്ട്. എതിരാളി കമ്പിനിയുടെ വില വിവരപട്ടിക അടക്കം നല്കിയവയില് ഉള്‍പ്പെടുന്നുണ്ട്.
സെന്റ് വിന്‍സന്റ് യൂണിവേഴ്സിറ്റി ആശുപത്രി, ബീക്കണ്‍ ആശുപത്രി ഡബ്ലിന്‍, യൂറോസര്‍ജിക്കല്‍ ലിമിറ്റിഡ് ഡബ്ലിന്‍ , എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ജീവനക്കാരെക്കുറിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുകയും ചെയ്യുന്നു. ഒരു വര്‍ഷം മുമ്പ് ഇതേക്കുറിച്ച് വിവരങ്ങള്‍ ഗാര്‍ഡക്ക് കൈമാറിയിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിനെയും എച്ച്എസ്ഇയെും വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സെന്റ് വിന്‍സെന്റ് ആശുപത്രി സ്ഥാപനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമയി രണ്ട് ജീവനക്കാര്‍ ചുമതലയില്‍ ഇല്ലെന്നും അന്വേഷണം കഴിഞ്ഞേ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാകൂ എന്നും വ്യക്തമാക്കുന്നു.
ചട്ടം ലംഘിച്ച് പാരിതോഷികങ്ങള്‍ സ്വീകരിച്ചതായ് കുറ്റപ്പെടുത്തലുള്ള രണ്ട് ആശുപത്രിയും എച്ച്എസ്ഇയുടേതല്ല. ബീകണ്‍ ആശുപത്രി സ്വകാര്യആശുപത്രിയാണ്. സെന്റ് വിന്‍സെന്റ് സ്വകാര്യ ഇന്സ്റ്റിറ്റ്യൂഷന് നടത്തുന്നതാണ്.