കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വാങ്ങി. പ്രശാന്ത് നായര്‍ എന്ന പേരിലുള്ള കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. കളക്ടര്‍ ഫോണെടുക്കുന്നില്ലെന്നും ഫേസ്ബുക്കിലാണ് ശ്രദ്ധയെന്നും ഡിസിസി പ്രസിഡന്റ് കെസി അബു കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം അബുവിനെതിരെ ഫേസ്ബുക്കിലൂടെ ഉണ്ടായി.
കോഴിക്കോട്ടുകാര്‍ക്ക് ഇപ്പോള്‍ സ്വന്തം ബ്രോ ആണ് ജില്ലാ കളക്ടര്‍. ഫോണെടുക്കുന്നില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ പരാതിക്ക് ചുട്ടമറുപടിയുമായി കളക്ടര്‍ക്ക് പിന്നില്‍ അണിനിരന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ നല്‍കിയ വിളിപ്പേരാണ് ബ്രോ. സംഭവത്തിന് ശേഷം കളക്ടര്‍ ഫേസ്ബുക്കില്‍ എന്ത് പോസ്റ്റിട്ടാലും പിന്തുണുമായി ധാരാളം പേരെത്തുന്നു. ഒപ്പം ഡിസിസി പ്രസിഡന്റിന് രൂക്ഷവിമര്‍ശനവും. പെതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ രൂപീകരിച്ച ഫേസ്ബുക്കില്‍ ഇപ്പോള്‍ ചര്‍ച്ചയെല്ലാം വഴിമാറി. അതുകൊണ്ട് തല്‍ക്കാലം ഫേസ് ബുക്കില്‍ നിന്നും പിന്‍വാങ്ങാനാണ് കളക്ടര്‍ എന്‍ പ്രശാന്ത് നായരുടെ തീരുമാനം.
ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെയുള്ള കളക്ടറുടെ വിശദീകരണം ഇങ്ങനെ. ഇപ്പോള്‍ തന്നെ കൂട്ടത്തിലുള്ള ബ്രോകള്‍ക്ക് അസൂയ കുശുമ്പ് എന്നിവ കലശലായി വന്നു തുടങ്ങിയിരിക്കുന്നു. ഇനീം വൈറല്‍ ബാധിച്ചാല്‍ അത് താങ്ങൂല്ല.’ഓവറാക്കി ചളമാക്കരുത്’എന്ന ആപ്തവാക്യം നമുക്ക് ഈയവസരത്തില്‍ ഓര്‍ക്കാം. അതുകൊണ്ട് വൈറല്‍ ബാധിച്ച ബ്രോ’കുറച്ച്’ ദിവസത്തേക്ക് ബ്രേക്ക് എടുക്കുന്നു. ഫേസ്ബുക്കില്‍ ഈ ബ്രോ വിളി വൈറലായതോടെ കവര്‍ പേജിനും കളക്ടര്‍ ആ പേര് തന്നെ നല്‍കി. വൈറല്‍ ബാധിച്ച് മുങ്ങിയ ബ്രോ. സ്വന്തം പേരിലുള്ള പേജില്‍ നിന്നും പിന്‍വാങ്ങിയാലും ഔദ്യാഗിക ഫേസ്ബുക്കില്‍ കളക്ടര്‍ ഉണ്ടാകും.