ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നവരില്‍ നാലില്‍ മൂന്നു പേരും ദളിത് ന്യൂനപക്ഷ വിഭാഗക്കാരാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാഷണല്‍ ലോ കമ്മീഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വധശിക്ഷ സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
യുപിയിലെ ജയലുകളിലാണ് രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ വധശിക്ഷ കാത്ത് കഴിയുന്നത്. ഇവിടെ 79 പേരാണ് വധശിക്ഷകാത്ത് കഴിയുന്നത്. ബിഹാറാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 53 പേര്‍ വധശിക്ഷകാത്ത് കഴിയുന്നു. കേരളത്തിലാവട്ടെ 15 പേര്‍ വധശിക്ഷകാത്ത് ജയിലില്‍ കഴിയുന്നു. ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നവരില്‍ നാലില്‍ മൂന്നു പേരും ദളിത് ന്യൂനപക്ഷ വിഭാഗക്കാരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജസ്റ്റീസ് എ.പി. ഷാ അധ്യക്ഷനായ നിയമകമ്മീഷന്‍ കഴിഞ്ഞ മെയിലാണ് വധശിക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ ഉന്നതതല യോഗം നടന്നത്. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും നിയമവിദഗ്ധരും സാമൂഹികപ്രവര്‍ത്തകരും പങ്കെടുത്തു. വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ കക്ഷികളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും വധശിക്ഷ നിര്‍ത്തലാക്കണമെന്ന അഭിപ്രായമാണ് പങ്കുവച്ചത്.
മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല കൃഷ്ണ ഗാന്ധി, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, ഡിഎംകെ നേതാവ് കനിമൊഴി എന്നിവര്‍ വധശിക്ഷ ഇല്ലാതാക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദേവ് വധശിക്ഷ ഇല്ലാതാക്കുന്നതിനെ എതിര്‍ത്തു. ഇന്ത്യ തീവ്രവാദ ആക്രമണത്തെ അഭിമുഖീകരിക്കുന്നതിനാല്‍ വധശിക്ഷ ഒഴിവാക്കരുതെന്ന പക്ഷക്കാരനാണ് ദുഷ്യന്ത് ദേവ്. രാജ്യത്തെ സാമൂഹ്യസാഹചര്യംകൂടി കണക്കിലെടത്തുവേണം വധശിക്ഷ പിന്‍വലിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു. വിവിധ കക്ഷികളില്‍ നിന്നു ശേഖരിച്ച അഭിപ്രായങ്ങള്‍ വിലയിരുത്തിയാവും നിയമകമ്മിഷന്‍ ശുപാര്‍ശ തയാറാക്കുക.
-എജെ-