കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സിബിയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സിബിയുടെ മൃതദേഹം മരങ്ങാട്ടുപിള്ളിയിലേക്ക് കൊണ്ടുപോയി. മരങ്ങാട്ടുപിള്ളി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിക്കാനിടയായത് തലയ്‌ക്കേറ്റ പരിക്കുമൂലമെന്ന് ഐജി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണം. സംഭവത്തില്‍ അന്വേഷണം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാനദണ്ഡങ്ങളനുസരിച്ചാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ സംഘര്‍ഷമുണ്ടായി. നാട്ടുകാര്‍ പാലാ- മരങ്ങാട്ടുപിള്ളി റോഡ് ഉപരോധിക്കുകയാണ്. പോലീസുകാര്‍ക്ക് നേരെ കല്ലേറുണ്ടായി. പോലീസ് വാനിന്റെ ടയര്‍ നാട്ടുകാര്‍ നശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
-എജെ-