കുടവയറിനെ (അബ്ഡോമിനല്‍ ഒബീസിറ്റി) വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമായി കരുതുന്നവരുണ്ടോ..എന്നാല്‍ സൗന്ദര്യ പ്രശ്നത്തേക്കാള്‍ഗൗരവമുള്ളതാണ് കുടവയര്‍. അപകടകരമായ ജീവിതശൈലീരോഗങ്ങള്‍ പിടിപെടാനുള്ള വലിയ സാധ്യത കൂടിയാണ് വയറിന്റെ ഭാഗത്തെ അമിതമായ കൊഴുപ്പടിയല്‍. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, ഫാറ്റി ലിവര്‍ ഇങ്ങനെ രോഗങ്ങളുടെ പടയാണ് കുടവയറുള്ളവരെ കാത്തിരിക്കുന്നത്. മദ്യപന്മാരായ പുരുഷന്മാരെ ബാധിക്കും പോലെയുള്ള കടുത്ത കരള്‍രോഗങ്ങള്‍ പോലും കുടവയറുള്ള സ്ത്രീകളെ ബാധിക്കാറുണ്ട്.
കുടവയറുണ്ടാകാന്‍ അഞ്ച് കാരണങ്ങളാണ് ഉള്ളതെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ആരോഗ്യകരമല്ലാത്ത ഡയറ്റ്, വ്യായാമമില്ലായ്മ, സ്ട്രെസ്, കുറഞ്ഞ മെറ്റബോളിക് നിരക്ക് തുടങ്ങിയവയാണവ.
1 ആരോഗ്യകരമല്ലാത്ത ഡയറ്റ്: മൈദ, തവിടു നീക്കിയ അരി, വൈറ്റ് ബ്രെഡ് തുടങ്ങിയ ഫൈബറില്ലാത്ത ആഹാരരീതി. മിച്ചം വരുന്ന കാലറി ശരീരത്തിനു വ്യായാമമില്ലാത്തപ്പോള്‍ നേരെ വയറിലെ കൊഴുപ്പായി അടിഞ്ഞു കൂടുന്നു.
2 വ്യായാമമില്ലായ്മ: പതിവായി വ്യായാമം ചെയ്യുമ്പോള്‍ അധിക കാലറി ഉപയോഗിച്ചു തീരുന്നു. ഹൃദയവും ആരോഗ്യത്തോടെയിരിക്കുന്നു. വ്യായാമക്കുറവു കാരണമാണ് ശരീരത്തിലെ എക്സ്ട്രാ കാലറി നേരെ ഫാറ്റായി അടിയുന്നത്. ഇത് ആദ്യം തന്നെ വയറിന്റെ ഭാഗത്ത് അടിയുന്നു.
3 പാരമ്പര്യം: ശരീരത്തില്‍ ഏതു ഭാഗത്താണ് കൊഴുപ്പടിയുന്നതെന്നു തീരുമാനിക്കുന്നതില്‍ പാരമ്പര്യമായ പങ്കുണ്ട്. ചില സ്ത്രീകള്‍ക്ക് വയറിലാണ് ആദ്യം കൊഴുപ്പടിയുക. ചിലര്‍ക്ക് ബട്ടക്സ്, കാല് വണ്ണകള്‍ ഇവയിലായിരിക്കും. ശരീരത്തിന്റെ ആകൃതി തീരുമാനിക്കപ്പെടുന്നത് ഇങ്ങനെയാണ്.
4 സ്ട്രെസ്: ഉയര്‍ന്ന മാനസിക സമ്മര്‍ദമുള്ളവരില്‍ കൊഴുപ്പ് കൂടുതലായി അടിയുന്നുവെന്ന് പഠനങ്ങള്‍. ഉയര്‍ന്ന ടെന്ഷനിലായിരിക്കുമ്പോള് ശരീരം കൂടുതല്‍ കോര്‍ട്ടിസോണും ഇന്‍സുലിനും ഉല്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഭക്ഷണത്തോടും മധുരത്തിനോടും ആര്‍ത്തി തോന്നുന്നു. കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു വഴി വയറില്‍ കൊഴുപ്പടിയുന്നു.
5 കുറഞ്ഞ മെറ്റബോളിക് നിരക്ക്: ചില സ്ത്രീകളില്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് പതുക്കെയായിരിക്കും. ഇത് കുറഞ്ഞ ഭക്ഷണമേയുള്ളൂവെങ്കില്‍ പിടിച്ചു നില്‍ക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികരീതിയാണ്. ഇതും വയറില്‍ കൊഴുപ്പടിയുന്നതിലേക്കു നയിക്കുന്നു.