തിരുവന്തപുരം : പ്രേമം സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ കോപ്പി സെന്‍സര്‍ ബോര്‍ഡ് പോലീസിനു കൈമാറണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ആന്റി പൈറസി വിഭാഗം ഓഫീസില്‍ കയറി സിനിമയുടെ പകര്‍പ്പുകള്‍ പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്കു മുന്‍പ് കോപ്പികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ അധികൃതര്‍ ഇതിനു തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷം ആന്റി പൈറസി സെല്‍ ഓഫിസിലെത്തി തൊണ്ടിമുതല്‍ പിടിച്ചെടുത്തത്. തീയറ്ററുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രേമം സിനിമയുടെ പകര്‍പ്പും സെന്‍സര്‍ ചെയ്ത പകര്‍പ്പുമാണ് പോലീസ് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെ കോപ്പികള്‍ നല്കാന് കഴിയില്ലെന്നു അധികൃതര്‍ പോലിസിനെ അറിയിച്ചു.
അന്വേഷണത്തിലെ പ്രധാന തെളിവാണ് ഈ പകര്പ്പുകളെന്നും അതിനാല്‍ തൊണ്ടിമുതലായ ഇവ തരാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പോലീസിന് ബലാല്‍ക്കാരമായി പകര്‍പ്പുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് ബോര്‍ഡിനെ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് രാവിലെ പകര്‍പ്പുകള്‍ നല്‍കാമെന്ന് ബോര്‍ഡ് സമ്മതിച്ചെങ്കിലും അത് പാലിച്ചില്ല. ഈ അവസ്ഥയിലാണ് സെന്‍സര്‍ ബോര്‍ഡില്‍ റെയ്ഡു നടത്തി പ്രേമത്തിന്റെ പകര്‍പ്പുകള്‍ പോലീസ് പിടിച്ചെടുത്തത്.