ഉഫ(റഷ്യ): അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ മോദിയും നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നെന്ന് വിദേശകാര്യസെക്രട്ടറിമാര്‍ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളെപ്പറ്റി ഇരുനേതാക്കളും ചര്‍ച്ച ചെയ്തെന്നും സമാധാനത്തിനും വികസനത്തിനും ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് ഇരുവരും സമ്മതിച്ചെന്നും അവര്‍ വ്യക്തമാക്കി. എല്ലാ തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളേയും കുറ്റപ്പെടുത്തിയ നേതാക്കള്‍ തെക്കന്‍ ഏഷ്യയില്‍ നിന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ സഹകരിക്കുമെന്ന് സമ്മതിച്ചു.
തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേശകരുമായി ന്യൂഡല്‍ഹയില്‍ വച്ച് ഒരു യോഗം സംഘടിപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചതായി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ഡി.ജി, ബി.എസ്.എഫ്, പാകിസ്ഥാന് റേഞ്ചേഴ്സ്, ഡി.ജി.എം.ഒ എന്നിവരുമായി ചര്‍ച്ച നടത്താനും, മതവിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ വികസിപ്പിക്കാനും പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇരു രാജ്യങ്ങളിലും തടവില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളേയും അവരുടെ ബോട്ടുകളും വിട്ടുകൊടുക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.