ന്യൂഡല്‍ഹി: കേരളത്തില്‍ ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നല്കിയ ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഹാജരായി.
കണ്ണൂരിലെ സ്കൈ പേള്‍ എന്ന ഫോര്‍ സ്റ്റാര്‍ ബാറിന് വേണ്ടിയാണ് രോഹ്തഗി ഹാജരായത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോട് കൂടിയാണ് താന്‍ ഹാജരായതെന്ന് രോഹ്തഗി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യനിയമോപദേശകനായ അറ്റോര്‍ണി ജനറല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോടതിയില്‍ ഹാജരാവുന്നത്ത അപൂര്‍വ നടപടിയായാണ് നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
ബാറുകള്‍ പൂട്ടിയ സര്‍ക്കാരിന്റെ നടപടി വിവേചനപരമാണെന്ന് എ.ജി വാദിച്ചു. ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേസ് മാറ്റി വയ്ക്കണമെന്ന എ.ജിയുടെ ആവശ്യത്തെ തുടര്‍ന്ന് അടുത്ത മാസം 28ലേക്ക് സുപ്രീംകോടതി മാറ്റി.