പ്രേമം ഇന്റര്‍നെറ്റിലിട്ട രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍;ഒരാള്‍ കസ്റ്റഡിയില്‍

 

കൊല്ലം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ ഇവരെ കൊല്ലത്തു നിന്നാണ് പിടികൂടിയത്. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. കിക്കാസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതുവഴി ഒരു ലക്ഷം പേര്‍ സിനിമ കണ്ടുവെന്നാണ് ആന്റി പൈറസി സെല്‍ കണ്ടെത്തിയിരിക്കുന്നത്. സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക്്് വ്യാജ സിഡി ലോബിയുമായി ബന്ധമുണ്ടെന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ഉച്ചയോടെ ആന്റി പൈറസി സെല്‍ എസ്പി രാജ്പാല്‍ മീണയ്ക്ക് മുമ്പാകെ ഹാജരാക്കി വിശദമായി ചോദ്യം ചെയ്യും.

സെന്‍സര്‍ ബോര്‍ഡിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ കോപ്പിയുടെ പകര്‍പ്പാണ് പ്രചരിക്കുന്നത്. മേയ് 19-നാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ കൈയിലുള്ള കോപ്പികള്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഐപി അഡ്രസ് വ്യാജമായി നിര്‍മ്മിച്ചാണ് ഇവര്‍ സിനിമ അപ്‌ലോഡ് ചെയ്തതെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തി. ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുകയാണ്.

സിനിമ അപ്‌ലോഡ് ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങളാണ് ആന്റി പൈറസി സെല്‍ അധികൃതര്‍ അന്വേഷിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സെന്‍സര്‍ കോപ്പി എങ്ങനെ ലഭിച്ചു. ഇവരെ ആരൊക്കെയാണ് സഹായിച്ചത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് വിദേശ രാജ്യവുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പ്രേമം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെതിരേ ഫെഫ്്ക നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദ് സംഘടനയില്‍ നിന്നും രാജിവച്ചതോടെയാണ് വിവാദം തുടങ്ങിയത്. പിന്നീട് ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ പരാതികളെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ചിത്രം എഡിറ്റ് ചെയ്തത് കിന്‍ഫ്രയിലെ വിസ്മയാ മാക്‌സ് സ്റ്റുഡിയോയിലും ചെന്നൈയിലെ മറ്റൊരു സ്റ്റുഡിയോയിലുമായിരുന്നു. വിസ്മയാമാക്‌സില്‍ ആന്റി പൈറസി സെല്‍ പരിശോധന നടത്തി ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് തിങ്കാളാഴ്ച ആന്റീ പൈറസി സെല്‍ എസ്.പി.രാജ്പാല്‍ മീണയ്ക്ക് മുന്നില്‍ മൊഴി നല്കിയിരുന്നു. ഇന്റര്‍നെറ്റ് വഴി പ്രചരിച്ച പ്രേമം സിനിമയും സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പകര്‍പ്പും സാമ്യമുള്ളതാണെന്ന് ആന്റി പൈറസി വിഭാഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തിങ്കാളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ വിശദമായ പരിശോധനയും നടത്തിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: