ന്യൂഡല്‍ഹി: വ്യാപം അഴിമതി പോലുള്ള നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. വ്യാപം കേസില്‍ പ്രധാനമന്ത്രി എന്താണ് ഇതുവരെ പ്രതികരിക്കാത്തത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വ്യാപം കേസുമായി ബന്ധപ്പെട്ട് അതത് മന്ത്രിമാരും പാര്‍ട്ടി പ്രസിഡന്റും പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഇതുപോലെ ഓരോ നിസാര കാര്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി തേടുന്നത് മോശമാണെന്നും ഇത്തരം നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നുമാണ് സദാനന്ദ ഗൗഡ പറഞ്ഞത്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ് വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്നും ടുണീഷ്യ, സിറിയ തുടങ്ങിയ വിഷയങ്ങളില്‍ ട്വീറ്റ് ചെയ്യുകയുമാണെന്ന് കളിയാക്കുകയും ചെയ്തു. മധ്യ ഏഷ്യയിലെ യാത്രയിലാണ് പ്രധാനമന്ത്രി.
അതേ സമയം കേസില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ തയ്യാറായിരുന്നില്ല ചൗഹാന്. ഹൈക്കോടതിയാണ് ഇത് തീരുമാനിക്കേണ്ടതെന്ന് പറയുകയായിരുന്നു ഇത്രയും കാലം ചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതില്‍ ദിഗ് വിജയ സിങ് കക്ഷിയാണ്.