തിരുവനന്തപുരം: കേരള തീരത്തു സംശയാസ്പദമായി 12 ഇറാന്‍ പൗരന്‍മാരുമായി ബോട്ട് കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു വിടണമെന്നു കേരള പോലീസ്. ഇത് സംബന്ധിക്കുന്ന ശിപാര്‍ശ സിറ്റി പോലീസ് കമ്മീഷണര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. ശനിയാഴ്ച രാത്രിയാണു കേരള തീരത്തോടു ചേര്‍ന്നു സംശയാസ്പദമായ സാഹചര്യത്തില്‍ കപ്പല്‍ കണ്ടെത്തിയത്. ആലപ്പുഴ തീരത്താണു ബോട്ട് കണ്ടെത്തിയത്.
വിഴിഞ്ഞത്ത് എത്തിച്ച ഇവരെ മണിക്കൂറുകളോളം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനിലാണു ഇവര്‍ക്കെതിരേ സമുദ്രാതിര്‍ത്തി ലംഘിച്ചതിനുള്ള കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ പക്കല്‍നിന്നു പാക്കിസ്ഥാന്‍ കറന്‍സികളും ഐഡി കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി എത്തിയതാണെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. മയക്കുമരുന്നും ആയുധവും കടത്തുന്ന സംഘം കേരള തീരത്തുകൂടി കടക്കുന്നുവെന്ന ഐബി റിപ്പോര്‍ട്ടും പോലീസിനു ലഭിച്ചിരുന്നു.
-എജെ-