ഡബ്ലിന്‍: ലോകത്തില്‍ ഏറ്റവും സമാധാനപൂര്‍ണമായ ജീവിതം നയിക്കുന്ന രാജ്യങ്ങളില്‍ മുന്നില്‍ ഐസ് ലാന്‍ഡ്. അയര്‍ലന്‍ഡിന് പന്ത്രണ്ടാം സ്ഥാനം. പട്ടികയില്‍ ഇന്ത്യ 142-ാമതാണ്. ഡെന്മാര്ക്കും ഓസ്ട്രിയയുമാണ് ഐസ് ലാന്‍ഡിന് പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഏഷ്യയില്‍ നിന്ന് ജപ്പാന് എട്ടാമതായി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓസ്ട്രേലിയയാണ് പട്ടികയില്‍ ഒമ്പതാമത്. 162 രാജ്യങ്ങളുള്ള പട്ടികയില്‍ ഏറ്റവും അവസാനം സിറിയയും തൊട്ട് മുന്നില്‍ ഇറാഖുമാണുള്ളത്.
2011ല്‍ പട്ടിക തയ്യാറാക്കാന്‍ തുടങ്ങിയത് മുതല്‍ ലോകം അക്രമത്തിന്റെ പിടിയിലാണോ അതോ കൂടുതല്‍ സമാധാന പൂര്‍ണമാണോ എന്ന തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. ചരിത്രാതീത കാലം മുതലിങ്ങോട്ട് നോക്കിയാല്‍ ചരിത്രത്തിലെ ഏറ്റവും സമാധാന പൂര്‍ണമായ കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് വാദിക്കുന്നവരുണ്ട്. അരാജകത്വത്തിന്റെ സമയത്തിന് ശേഷവും രണ്ടാം ലോകമഹായുദ്ധവു കഴിഞ്ഞ് കൂടുതല്‍ ദീര്‍ഘമായ സമാധാനകാലമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതേ സമയം ടുണീഷ്യ, കുവൈത്ത്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ കഴിഞ്ഞ ആഴ്ച്ചകളിലെ സംഭവങ്ങള്‍ പോലുള്ളവ പരിഗണിക്കുമ്പോള്‍ ഈ നിഗമനം കാലിക പ്രസക്തി ഇല്ലാത്തതായി മാറുന്നു.
കഴിഞ്ഞ വര്‍ഷം ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെ മരിച്ചവര്‍ 180,000 വരും. ഇതാകട്ടെ അഞ്ച് വര്‍ഷം മുമ്പുള്ളതിന്ഞറെ മൂന്നര മടങ്ങ് അധികവുമാണ്. തീവ്രവാദം മൂലമുള്ള മരണം അഞ്ച് മടങ്ങ് വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം 32,000ലെത്തി. അറുപത് മില്യണ്‍ ജനങ്ങളാണ് ഇന്ന് അക്രമം മൂലം അഭയാര്‍ത്ഥികളോ ജീവിക്കാനുള്ള ഉപാധി നഷ്ടപ്പെട്ട് അലഞ്ഞ് തിരിയുന്നവരോ ആയിട്ടുള്ളതെന്ന് യുഎന്‍എച്ച്സിആര്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. ഇതാകട്ടെ ലോകത്തിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനവും വരും.
നരഹത്യകള്‍ വര്‍ഷം ഒരു മില്യണ്‍ എന്ന രീതിയിലാണ് നടക്കുന്നത്. അക്രമ സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. സൈന്യത്തിനും സുരക്ഷ്യ്ക്കും സിവില്‍ സംഘര്‍ഷങ്ങള്‍ക്കും,തീവ്രവാദത്തിനുമായി വരുന്ന ചെലവുകളുടെ സാമ്പത്തികം $14.3 ട്രില്യണ്‍ വരുന്നതാണ്. ലോകത്തെ ആകെ ജിഡിപിയുടെ 13.4 ശതമാനമാണിത്. കുറച്ച് കൂടി ആലങ്കാരികമായി പറഞ്ഞാല്‍ ബ്രസീല്‍, കാനഡ,ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്, യുകെ എന്നിവരുടെ സാമ്പത്തിക ശേഷിയോളം ചെലവാക്കുന്നുണ്ട്. കൂടാതെ 15.3 ശതമാനത്തിന്റ വര്‍ധനവും കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നു.
ഇന്‍ഡെക്സ് സൂചിപ്പിക്കുന്നത് പ്രകാരമാണെങ്കില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ കൂടുതല്‍ ശാന്തമാവുകയും ആക്രമങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയുമാണ്. അതേ സമയം സംഘര്ഷഭരിതമേഖലയില് കൂടുതല്‍ വഷളായ സ്ഥിതി വിശേഷവും സംജാതമാകുന്നു. യൂറോപ്യന്‍ മേഖല സമാധാനത്തിന്റെ കാര്യത്തില്‍ വളരെയേറെ മുന്നോട്ട് പോകുന്നുണ്ട്. വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും നരഹത്യകളും വളരെ കുറഞ്ഞിരിക്കുന്നു. അതേ സമയം തീവ്രവാദം പോലുള്ള സംഭവങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സമാധാനത്തിന്റെ തോത് സമ്പത്തിന്റെ വിതരണത്തെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കാണപ്പെടുന്നുണ്ട്.
ലോകത്തില്‍ ഏറ്റവും സമാധാനം കുറഞ്ഞ ഇരുപത് രാജ്യങ്ങളില്‍ രണ്ട് ബില്യണില്‍ ഏറെ ജനങ്ങളാണ് ജീവിക്കുന്നത്. ചുരുക്കത്തില്‍ ലോകം കൂടുതല്‍ സമാധാന പൂര്‍ണമാണോ എന്ന് ചോദിച്ചാല്‍ എട്ട് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സംഘര്‍ഷഭരിതമായിരിക്കുന്നു എന്ന ഉത്തരമാണ്ചേരുന്നത്.