മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടി സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിമാനത്താവളത്തിലേക്ക് സിപിഎം നടത്തിയ സംരക്ഷണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. കരിപ്പൂര്‍ വിമാനത്താവളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നത് ദൂരവ്യാപകഫലങ്ങളുണ്ടാക്കുമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
റണ്‍വെ അടച്ചിടുന്നതോടെ വിമാനങ്ങളുടെ സര്‍വീസ് കുറയും. മാസങ്ങള്‍ക്ക് ശേഷം വിമാനത്താവളം വീണ്ടും തുറന്നാലും ഈ സര്‍വീസുകള്‍ മുഴുവന്‍ വിമാനക്കമ്പനികള്‍ പുനരാരംഭിക്കണമെന്നില്ല. ഇത്തരത്തില്‍ കരിപ്പൂരിന്റെ പ്രധാന്യം കുറച്ചുകൊണ്ടുവന്ന് ഇത് സ്വകാര്യമേഖലക്ക് കൈമാറാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് കോടിയേരി ആരോപിച്ചു.
കരിപ്പൂര്‍ വിമാനത്താവളം വികസിക്കണമെങ്കില്‍ സ്ഥലമേറ്റെടുക്കല്‍ പൂര്‍ണ്ണമാകണമെന്നു കോടിയേരി പറഞ്ഞു. കൊച്ചി മെട്രോക്ക് സ്ഥലമേറ്റെടുത്തതുപോലെ പൊന്നുംവില നല്കി, പ്രദേശവാസികളുടെ എതിര്‍പ്പ് ഇല്ലാതാക്കിവേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന പ്രശ്നത്തില്‍ മുസ്ലീം ലീഗ് മന്ത്രിമാര്‍ ഉറക്കം തൂങ്ങുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ മലപ്പുറം, കോഴിക്കോട് ജില്ലാക്കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. ബുധനാഴ്ച മുതലാണ് കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണിക്കായി ഭാഗികമായി അടച്ചിടാന്‍ തുടങ്ങിയത്.